പള്ളിക്കലാറിൽ നിർമിച്ച തടയണ ഹരിത കേരളാ മിഷനിൽ നിന്നും ഡോ. ടി.എൻ. സീമ സന്ദർശിച്ചു…

കരുനാഗപ്പള്ളി : തൊടിയൂർ പാലത്തിന് സമീപം പള്ളിക്കലാറിൽ നിർമിച്ച തടയണ ഹരിത കേരളാ മിഷൻ എക്‌സി. വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ സന്ദർശിച്ചു. തടയണ നിർമ്മാണത്തെ തുടർന്ന് തഴവ – തൊടിയൂർ വട്ടക്കായലിലെ പാടശേഖരങ്ങളിൽ നെൽകൃഷി ചെയ്യാൻ സാധിക്കാത്തത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സന്ദർശനം. സി പി

തടയണ നിർമാണത്തിലെ അശാസ്ത്രീയത തഴവ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ഡോ ടി.എൻ സീമയുടെ ശ്രദ്ധയിൽപ്പെടുത്തി. ഷട്ടർ നിർമിക്കാത്തത് കാരണം തടയണയിലെ വെള്ളം ഒഴുക്കി വിടാൻ സാധിക്കുന്നില്ലെന്നും അതുകാരണം പാടശേഖരങ്ങളിൽ വെള്ളം കെട്ടികിടക്കുകയാണെന്നും ജനപ്രതിനിധികൾ പറഞ്ഞു.

ഹരിത കേരളാ മിഷന്റെ നേതൃത്വത്തിൽ വട്ടക്കായലിൽ നടപ്പാക്കുന്ന നെൽകൃഷിയെയും ഇത് സാരമായി ബാധിക്കുമെന്നും അംഗങ്ങൾ അറിയിച്ചു. 20 മീറ്റർ വീതിയിൽ വെള്ളം ഒഴുകി കൊണ്ടിരുന്ന പള്ളിക്കലാറിൽ മൂന്ന് മീറ്റർ വീതിയിൽ വെള്ളം ഒഴുക്കി വിടുന്നതിനുള്ള സംവിധാനമേ നിലവിലുള്ള തടയണയിൽ ഉള്ളൂ. അധികമായി കെട്ടികിടക്കുന്ന വെള്ളം ഒഴുക്കി വിടാൻ ഷട്ടറുകൾ നിർമ്മിക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. പ്രശ്‌നം ശാസ്ത്രീയമായി പഠിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഡോ. ടി.എൻ.സീമ ജനപ്രതിനിധികളെ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത, വൈസ് പ്രസിഡന്റ് കവിതാ മാധവൻ, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ.അമ്പിളിക്കുട്ടൻ, പാവുമ്പ സുനിൽ, ആനിപൊൺ, ആർ. അനുപമ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.
തടയണ നിർമാണത്തിലെ അശാസ്ത്രീയത
സംബന്ധിച്ച് പരിശോധിക്കാൻ കഴിഞ്ഞ മാസം ഡോ ടി എൻ സീമയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് പ്രത്യേക യോഗം നേരുത്തേ വിളിച്ചിരുന്നു. തുടർന്ന് ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം തടയണ സന്ദർശിച്ചിരുന്നു. താൽക്കാലിക പരിഹാരമായി തടയണയ്ക്കിരുവശവും കനാലുകൾ നിർമിച്ച് അധികമായ വെള്ളം ഒഴുക്കി വിടാൻ നിർദ്ദേശം ഉയർന്നിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !