പുരപ്പുറ സൗരോർജ്ജ പദ്ധതി കരുനാഗപ്പള്ളിയിലും തുടങ്ങി….

കരുനാഗപ്പള്ളി : ഊർജ്ജ രംഗത്ത് പുത്തൻ ചുവടുവയ്പ്പുമായി കെ.എസ്.ഇ.ബി. നടപ്പാക്കുന്ന വേറിട്ട പദ്ധതിയായ പുരപ്പുറ സൗരോർജ്ജ പദ്ധതി കരുനാഗപ്പള്ളിയിലും തുടങ്ങി. പദ്ധതിയുടെ ഭാഗമായി ആദ്യ സൗരനിലയം ഉപഭോക്താവിൻ്റെ വീട്ടിൽ സ്ഥാപിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. കരുനാഗപ്പള്ളി നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഉപഭോക്താവായ സക്കീർ ഹുസൈന്റെ വീട്ടിലാണ് സൗര പദ്ധതി ആദ്യമായി സ്ഥാപിച്ചത്.

ഇദ്ദേഹത്തിൻ്റെ വീടിന് മുകളിൽ സ്ഥാപിക്കുന്ന സൗരോർജ്ജ പ്ലാന്റിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഒരു വിഹിതം ഉപഭോക്താവിന് സൗജന്യമായി നൽകും. ബാക്കി വൈദ്യുതി കെ.എസ്.ഇ.ബി.ക്കായി എടുക്കും. പദ്ധതിയുടെ മൊത്തം ചെലവിൻ്റെ ഒരു ഭാഗമാണ് ഉപഭോക്താവ് വഹിക്കേണ്ടത്.

ഒരു കിലോ വാട്ട് സോളാർ പാനൽ സ്ഥാപിക്കാൻ 100 ചതുരശ്ര അടി മേൽക്കൂര മാത്രം മതിയാകും. ഇത്തരത്തിൽ എത്ര ചതുരശ്ര അടിയിലും സോളാർ പാനൽ സ്ഥാപിക്കാൻ കഴിയും. ഉപഭോക്താക്കളുടെ താൽപര്യം അനുസരിച്ച് വ്യത്യസ്ത പ്ലാനുകളും കെ.എസ്.ഇ.ബി. അവതരിപ്പിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഇത്തരത്തിലുള്ള മൂന്ന് മോഡലുകളാണുള്ളത്.
സംസ്ഥാനത്ത് തന്നെ മികച്ച പ്രതികരണമാണ് പുരപ്പുറ സൗര പദ്ധതിയ്ക്ക് ലഭിക്കുന്നതെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. ഒരു ലക്ഷം അപേക്ഷകരെ പ്രതീക്ഷിച്ചിടത്ത് മൂന്ന് ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു.

കരുനാഗപ്പള്ളി നോർത്ത് സെക്ഷനിൽ 875 പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞതായും അധികൃതർ പറഞ്ഞു. ആദ്യഘട്ടത്തിൽ 85 പേർക്ക് നൽകാനാണ് പദ്ധതി. ഇതുവരെ ഒൻപത് ഉപഭോക്താക്കൾ എഗ്രിമെൻ്റ് വച്ചു കഴിഞ്ഞു.

കരുനാഗപ്പള്ളി നോർത്ത് സെഷനിലെ ആദ്യ സൗരനിലയത്തിന്റെ സ്വിച്ച് ഓൺ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, പഞ്ചായത്ത് അംഗം ശുഭ, കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ നാഗരാജൻ, സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഹരികൃഷ്ണപിള്ള, സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു, സോളാർ കോർഡിനേറ്റർ ഗോകുൽ കൃഷ്ണ, കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിലാൽ, ഡിവിഷൻ സെക്രട്ടറി രാജേഷ്, ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം അമൃതലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !