കാട്ടില്‍ക്കടവില്‍ ടി.എസ്. കനാലിന് കുറുകെ പാലത്തിനായി ബജറ്റില്‍ തുക വകയിരുത്തിയത് ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍

കരുനാഗപ്പള്ളി: കാട്ടില്‍ക്കടവില്‍ ടി.എസ്. കനാലിന് കുറുകെ പാലത്തിനായി ബജറ്റില്‍ തുക വകയിരുത്തിയത് ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കാണുന്നത്. വര്‍ഷങ്ങളായുള്ള ആവശ്യംകൂടിയാണ് യാഥാര്‍ഥ്യമാകുന്നത്. കടലിനും ടി.എസ്.കനാലിനും മദ്ധ്യേയുള്ള ആലപ്പാട് പഞ്ചായത്തുനിവാസികള്‍ക്കാണ് പാലം ഏറ്റവുമധികം പ്രയോജനംചെയ്യുക. പണിക്കര്‍കടവിലും കല്ലുംമൂട്ടില്‍ക്കടവിലും ആയിരംതെങ്ങിലും നിലവില്‍ പാലങ്ങള്‍ ഉണ്ട്. എന്നാല്‍ പതിനേഴ് കിലോമീറ്ററിലധികം നീളമുള്ള പഞ്ചായത്തിന്റെ മധ്യഭാഗമായ ആലപ്പാട് സെന്ററില്‍ പാലമില്ലാത്തത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.

ഇവിടെ പാലംവരുന്നതോടെ ആലപ്പാട് പഞ്ചായത്തിന്റെ എല്ലാ ഭാഗത്തുമുള്ളവരുടെ യാത്രാക്ലേശം പരിഹരിക്കാനാകും. ഇരുപതുകോടി രൂപയാണ് പാലത്തിനായി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ആലപ്പാട് പഞ്ചായത്തില്‍ 2004ല്‍ സുനാമി തിരമാലകള്‍ ദുരന്തംവിതച്ചപ്പോള്‍ മതിയായ യാത്രാമാര്‍ഗം ഇവിടെ ഉണ്ടായിരുന്നില്ല. പണിക്കര്‍കടവില്‍ മാത്രമായിരുന്നു അന്ന് പാലം ഉണ്ടായിരുന്നത്. ദുരന്തത്തില്‍പ്പെട്ടവരെ എളുപ്പമാര്‍ഗം ആസ്പത്രിയില്‍ എത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമെല്ലാം ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. പിന്നീടാണ് കല്ലുംമൂട്ടില്‍ക്കടവിലും ആയിരംതെങ്ങിലും പാലങ്ങള്‍ നിര്‍മിച്ചത്. ഇതിനിടയില്‍ മാതാ അമൃതാനന്ദമയിമഠം അമൃതസേതു നടപ്പാലവും നിര്‍മിച്ചു.

കാട്ടില്‍ക്കടവില്‍കൂടി പാലം യാഥാര്‍ഥ്യമാകുന്നതോടെ ആലപ്പാട് പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശത്തിന് പൂര്‍ണപരിഹാരമാകും. പഞ്ചായത്ത് ഓഫീസ്, സ്‌കൂള്‍, ബാങ്ക് തുടങ്ങി ആലപ്പാട് പഞ്ചായത്തിലെ ഒട്ടുമിക്ക പ്രധാനസ്ഥാപനങ്ങളും ആലപ്പാട് സെന്ററില്‍ ആണുള്ളത്. സുനാമിദുരന്തത്തെത്തുടര്‍ന്ന് കുലശേഖരപുരത്തെ വിവിധ സെറ്റില്‍മെന്റ് കോളനികളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് ആലപ്പാട് അഴീക്കലിലെ മത്സ്യബന്ധനതുറമുഖത്തില്‍ ജോലിക്കെത്തുന്നതിനും എളുപ്പമാകും. നിര്‍ദിഷ്ട തീരദേശപാതയും ആലപ്പാടിന്റെ വികസനത്തിന് ഏറെ മുതല്‍ക്കൂട്ടാകും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !