ആലപ്പാട്ടരയന്മാര്‍ പരിശം വെപ്പിനായി നാളെ ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെത്തും

ആലപ്പാട്: ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ആലപ്പാട്ടരയന്മാര്‍ നടത്തുന്ന 1812- പരിശം വെപ്പ് വെള്ളിയാഴ്ച നടക്കും. അഴീക്കല്‍ പൂക്കോട്ട് അരയജന കരയോഗവും വ്യാസവിലാസം കരയോഗവും സംയുക്തമായാണ് ഇത്തവണ പരിശം വെപ്പിന് നേതൃത്വം കൊടുക്കുന്നത്. വിശ്വാസവും ചരിത്രവും കെട്ടുപിണഞ്ഞതാണ് ആലപ്പാട്ടരയന്മാരുടെ പരിശംവെപ്പ് യാത്രക്ക് പിന്നിലുള്ള ഐതിഹ്യം. എല്ലാ ശിവരാത്രി നാളിലും പരിശം എന്ന സ്ത്രീധനപ്പണവുമായി ആലപ്പാട്ടരയന്മാര്‍ ചെങ്ങന്നൂര്‍ മഹാദേവര്‍ക്ഷേത്രത്തിലെത്തും.

ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ശ്രീപാര്‍വതി തങ്ങളുടെ മകളാണെന്നും ശ്രീപരമേശ്വരന്‍ മരുമകനാണെന്നുമുള്ള സങ്കല്പമാണ് ഇതിനുപിന്നില്‍. ശിവശാപമേറ്റ് സമുദ്രമത്സ്യമായിത്തീര്‍ന്ന മകന്‍ സുബ്രഹ്മണ്യന് മുക്കുവ വേഷത്തില്‍ ആലപ്പാട് കടല്‍ത്തീരത്തെത്തിയ ശിവന്‍ ശാപമോക്ഷം നല്‍കിയെന്നാണ് വിശ്വാസം. പാര്‍വതീദേവിയെ പ്രത്യുപകാരമായി ശിവന് വിവാഹംകഴിച്ച് കൊടുത്തുവെന്നുമാണ് സങ്കല്പം.ഇതുമായി ബന്ധപ്പെട്ടാണ് എല്ലാ ശിവരാത്രി നാളിലും സ്ത്രീധനവുമായി (പരിശം) ആലപ്പാട്ടരയന്മാര്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെത്തുന്നത്. ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ആലപ്പാട്ടരയന്മാരാണ് എല്ലാ വര്‍ഷവും നടത്തുന്നത്. രാത്രിയില്‍ നടക്കുന്ന എഴുന്നള്ളത്തില്‍ വെച്ചാണ് ആലപ്പാട്ടെ അരയപ്രമാണിമാര്‍ ഭഗവാന്റെ മുന്നില്‍ പിടിപ്പണം കാഴ്ച വെക്കുന്നത്. ശിവപാര്‍വതി ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ച വാഹനത്തില്‍ ഘോഷയാത്രയായിട്ടാണ് 24ന് രാവിലെ അഴീക്കലില്‍ നിന്ന് പരിശം വെപ്പ് യാത്ര പുറപ്പെടുന്നത്.

വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ട് ആറിന് പരിശം വെപ്പ് സംഘം ചെങ്ങന്നൂരിലെത്തും.അഖിലകേരള ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ സമ്മേളനം നടക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !