കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മാതൃകയാവുന്നു

കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മാതൃകയാവുന്നു. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവിലൂടെയുമാണ് സ്‌കൂള്‍ ശ്രദ്ധേയമാകുന്നത്.
പല സര്‍ക്കാര്‍ സ്‌കൂളുകളിലും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ പിടിഎ അലംഭാവം കാട്ടുമ്പോഴാണ് മോഡല്‍ സ്‌കൂളിലെ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും പരിശ്രമത്തിന്റെ ഫലമായി കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്.

കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ജില്ലയില്‍ ഒന്നാമതെത്തി സ്‌കൂള്‍ മികവ് കാട്ടി. പ്ലസ്ടു പരീക്ഷയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മോഡല്‍ സ്‌കൂള്‍ സംസ്ഥാനത്ത് രണ്ടാമതെത്തി. പാഠ്യേതര വിഷയങ്ങളിലും ഈ സ്‌കൂള്‍ മികവ് പുലര്‍ത്തി.

കലാ-കായിക രംഗത്ത് സംസ്ഥാന-ജില്ലാതലങ്ങളില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ചു. പരിസ്ഥിതി വിഷയങ്ങളില്‍ ദേശീയതലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്കുണ്ടായി. കായികരംഗത്തും സ്‌കൂളിലെ നിരവധി കുട്ടികള്‍ക്ക് ജില്ലാ-സംസ്ഥാന ടീമുകളില്‍ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്‍സിസി, ബാന്റ്ട്രൂപ്പ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നീ മേഖലകളിലും വിദ്യാര്‍ത്ഥികള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നു. മെഡിക്കല്‍-എന്‍ജിനീയറിംഗ് പരീക്ഷയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും റാങ്ക് നേടാനും കഴിഞ്ഞിട്ടുണ്ട്.

പല സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് കാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോഴാണ് ഈ സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും പരക്കം പായുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !