കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളിന് ഐ.എസ്.ഒ. അംഗീകാരം

കരുനാഗപ്പള്ളി : അന്താരാഷ്ട്ര തലത്തില്‍ സ്ഥാപനങ്ങളുടെ ഗുണമേന്‍മാ നിലവാരത്തിന് നല്‍കപ്പെടുന്ന ഐ.എസ്.ഒ. അംഗീകാരത്തിന് കരുനാഗപ്പള്ളി സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി സ്മാരക ഗേള്‍സ് ഹൈസ്‌കൂള്‍ അര്‍ഹമായി. ഐ.എസ്.ഒ. 9001-2015 അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം 18 ന് സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വഹിക്കും.
പഠന-പാഠ്യേതര വിഷയങ്ങളില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വിദഗ്ധ സംഘം നടത്തുന്ന പരിശോധനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയത്. ഏതാനും മാസം മുമ്പാണ് വിദഗ്ധസംഘം സ്‌കൂള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയത്. കഴിഞ്ഞദിവസം അംഗീകാരം ലഭിച്ചതായുള്ള അറിയിപ്പ് സ്‌കൂളിന് ലഭിച്ചു.

ജില്ലയില്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്‌കൂളാണിതെന്ന് അധികൃതര്‍ പറഞ്ഞു. മികച്ച അക്കാദമിക് അന്തരീക്ഷം, ശുചിത്വപൂര്‍ണവും സ്ത്രീ സൗഹൃദവുമായ ശുചിമുറികള്‍, ശുദ്ധീകരിച്ച് അണുവിമുക്തമാക്കി സുലഭമായി നല്‍കുന്ന കുടിവെള്ളം എന്നീ ഘടകങ്ങള്‍ വിലയിരുത്തി.
മികച്ച ലൈബ്രറി-ലബോട്ടറി സംവിധാനങ്ങള്‍, പരിസ്ഥിതി സൗഹൃദമായ വിദ്യാലയ അന്തരീക്ഷം, പഠനാനുബന്ധ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ ഘടകങ്ങളും വിലയിരുത്തിയാണ് അംഗീകാരം നല്‍കുന്നത്.
കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉള്‍പ്പെടെ മികച്ച വിജയം നേടിയ സ്‌കൂളുകളില്‍ ഒന്നാണിത്.

സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നടക്കുന്ന സമയത്താണ് അംഗീകാരം ലഭിച്ചത്. ഇതില്‍ അഭിമാനമുണ്ടെന്ന് സ്‌കൂള്‍ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍.വസന്തന്‍, സ്‌കൂള്‍ മാനേജര്‍ പ്രൊഫ. ആര്‍.ചന്ദ്രശേഖരപിള്ള, പി.ടി.എ. പ്രസിഡന്റ് എന്‍.അജയകുമാര്‍ എന്നിവര്‍ പറഞ്ഞു.
സ്‌കൂളിനെ ഇനിയും മികവുറ്റതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും അവര്‍ അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !