കരുനാഗപ്പള്ളി സി.ഐ. മഞ്ജുലാലിനെ തേടി രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ…. അഭിനന്ദനങ്ങൾ…

കരുനാഗപ്പള്ളി : കുറ്റാന്വേഷണത്തിലെയും ക്രമസമാധാന പാലനത്തിലെയും മികവാർന്ന പ്രവർത്തന മികവിന് അംഗീകാരത്തിൻ്റെ തിളക്കം. കരുനാഗപ്പള്ളി ഹൗസ് സ്റ്റേഷൻ ഓഫീസർ എസ് മഞ്ജുലാലിനാണ് വീണ്ടും അംഗീകാരത്തിൻ്റെ തിളക്കം ലഭിച്ചത്. ഇത്തവണ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലാണ് മഞ്ജുലാലിനെ തേടിയെത്തിയത്.

2004-ൽ എസ്.ഐ. യായി വർക്കലയിലാണ് അദ്ദേഹം സർവീസിൽ പ്രവേശിച്ചത്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ എസ്.ഐ. യായും സി.ഐ. യായും പ്രവർത്തിച്ച എസ്. മഞ്ജുലാൽ ഏറെ ചർച്ചയായ ഒട്ടേറെ ക്രിമിനൽ കേസുകളുടെ അന്വേഷണത്തിൽ പ്രതികളെ പിടികൂടുന്നതിന് നിർണായക പങ്ക് വഹിച്ചു. കെ.എസ്.എഫ്.ഇ. സൊസൈറ്റി തട്ടിപ്പ് കേസ്, പത്തനംതിട്ടയിലെ പെൺവാണിഭ കേസ്, കാട്ടാക്കട ചന്ദ്രൻ കൊലപാതക കേസ്, വെള്ളറട വില്ലേജ് ഓഫീസിന് തീയിട്ട സംഭവം, നെല്ലിക്കുന്നം കൊലപാതക പരമ്പര തുടങ്ങിയ നിരവധി കേസുകളിലെ പ്രതികളെ പിടികൂടിയതിലൂടെ മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് എസ് മഞ്ജുലാൽ.

ഒരുമാസം മുമ്പ് കരുനാഗപ്പള്ളിയിൽ വടിവാള് കാണിച്ച് ഭീഷണിപ്പെടുത്തി വാൻ തട്ടിയെടുത്ത സംഭവത്തിലും പ്രധാന പ്രതിയെ പിടികൂടിയത് എസ്. മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്. ഈ പ്രതിയെ പിടികൂടിയതോടെയാണ് സംസ്ഥാനത്തെ പ്രധാന വാഹന മോഷണ സംഘത്തിലേക്കുള്ള തെളിവ് ലഭിച്ചത്.

കോവിഡിനെതിരായ പോരാട്ടത്തിന് മികച്ച നേതൃത്വം നൽകി പോലീസ് മേധാവിയുടെ കോവിഡ് വാരിയർ പുരസ്‌കാരവും മഞ്ജുലാലിനെ തേടിയെത്തിയിരുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ നാളുകളിൽ കരുനാഗപ്പള്ളിയിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയത്. കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഓരോ പഞ്ചായത്തിലും ഓരോ എസ് ഐ മാരുടെ പ്രത്യേക നിയന്ത്രണത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ ക്ലോസ്ഡ് ക്ലസ്റ്റർ ഗ്രൂപ്പുകളുടെ മികവാർന്ന പ്രവർത്തനത്തിനും മികച്ച അംഗീകാരം ലഭിച്ചു. ജില്ലയിൽ ക്ലോസ്ഡ് ക്ലസ്റ്റർ ഗ്രൂപ്പ് മികച്ച രീതിയിൽ നടപ്പാക്കിയതും കരുനാഗപ്പള്ളിയിരുന്നെന്നും വിലയിരുത്തിയിരുന്നു. മഹാമാരിയുടെ കാലത്ത് ജനങ്ങളെ സഹായിക്കുന്നതിനായി എസ്.പി.സി. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയ വേറിട്ട പ്രവർത്തനങ്ങളും സംസ്ഥാന ശ്രദ്ധ നേടിയെടുത്തു.

2016-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും എസ് മഞ്ജുലാലിനെ തേടിയെത്തിയിരുന്നു. 2018-ൽ കൊല്ലം ഈസ്റ്റ് എസ്.ഐ. യായിരിക്കെ ജില്ലയിലെ മികച്ച പോലീസ് സ്‌റ്റേഷനായി ഈസ്റ്റ് പോലീസ് സ്‌റ്റേഷനെ തിരഞ്ഞെടുത്തിരുന്നു.16 വർഷം പിന്നിടുന്ന സർവ്വീസിനിടയിൽ ബാഡ്ജ് ഓഫ് ഓണറും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !