വീണ്ടും മാതൃകയായി കരുനാഗപ്പള്ളിയിലെ പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ…

കരുനാഗപ്പള്ളി : കോവിഡ് ബാധിച്ച് മരണമടഞ്ഞ കേരള ഫീഡ്സ് ജീവനക്കാരൻ്റെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻ്റ് പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ. തൊടിയൂർ പുലിയൂർ വഞ്ചി കിഴക്ക് അരുണോദയത്തിൽ (പുത്തൻപുരയിൽ) സുനിൽകുമാർ (44) കൊവിഡ് ചികിത്സയിൽ കഴിയവേ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വച്ചാണ് തിങ്കളാഴ്ച പുലർച്ചെ മരണമടഞ്ഞത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുനിൽകുമാറിനെ അഞ്ചുദിവസം മുമ്പാണ് പാരിപ്പള്ളി മെഡിക്കൽ കേളേജിൽ പ്രവേശിപ്പിച്ചത്.

കടുത്ത പ്രമേഹവും ശ്വാസതടസുവുമുണ്ടായിരുന്നു. പുറമേ യൂറിനറി ഇൻഫെക്ഷൻ കൂടി ബാധിച്ചതോടെ അസുഖം ഗുരുതരമാകുകയായിരുന്നു. പരേതൻ്റെ സംസ്കാരത്തിനായി പാലിയേറ്റീവ് പ്രവർത്തകരുടെ സഹായം ആരോഗ്യ പ്രവർത്തകർ തേടുകയായിരുന്നു. തുടർന്ന് നഗരസഭാ ചെയർമാനും സൊസൈറ്റി സെക്രട്ടറിയുമായ കോട്ടയിൽ രാജു, ഇന്ദുരാജ് അയ്യപ്പൻ, നഗരസഭാ കൗൺസിലർ
പടിപ്പുര ലത്തീഫ്, ശ്യാം എന്നിവർ പി.പി.ഇ കിറ്റുകൾ ധരിച്ച് സംസ്കാര മടങ്ങുകൾ നടത്തുകയായിരുന്നു. കോവിഡ് കാലത്ത് സൊസൈറ്റി പ്രവർത്തകർ നടത്തുന്ന ഇരുപത്തിയേഴാമത്തെ കോവിഡ് സംസ്കാരമാണിത്.

പൊതു പ്രവർത്തകനായിരുന്ന പരേതനായ സദാശിവൻ്റെയും ഭവാനിയുടെയും മകനാണ് സുനിൽകുമാർ. ഭാര്യ:ഷീജ. മക്കൾ: അരുണിമ, അരിഷ്മ.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !