കരുനാഗപ്പള്ളിയിലെ കോടതികൾ താൽക്കാലിക കെട്ടിടത്തിലേക്ക്….

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വിവിധ കോടതികള്‍ ഇനി ഒറ്റ കെട്ടിടത്തില്‍. ഡിസ്ട്രിക് ആൻ്റ് സെഷൻസ് ജഡ്ജ് ബി. സ്നേഹലത ഭദ്രദീപം കൊളുത്തി താല്‍ക്കാലിക കോർട്ട് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മുണ്ടകപ്പാടത്തിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിലേക്കാണ് കോടതികള്‍ താല്‍ക്കാലികമായി മാറിയത്.

നിലവില്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്‌റ്റേഷന്‍റെ ഒരു ഭാഗം ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ്, മജിസ്‌ട്രേറ്റ് കോടതികള്‍ മാറ്റി സ്ഥാപിച്ചത്.

ഇതോടൊപ്പം വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സബ് കോടതിയും, പോക്‌സോ കോടതിയും പുതിയ കെട്ടിടത്തിലേക്ക് മാറും. ഇതോടെ കരുനാഗപ്പള്ളിയിലെ കോടതികളെല്ലാം ഒറ്റ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.

പുതിയ കോടതി സമുച്ചയം നിർമിക്കുന്നത് വരെയാകും കോടതികള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. സ്വകാര്യ കെട്ടിടത്തില്‍ നിർമാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി കെട്ടിടം ജില്ല ജഡ്ജിക്ക് കൈമാറിയിരുന്നു.

മൂന്ന് നിലയുള്ള കെട്ടിടത്തില്‍ കോര്‍ട്ട് ഹാള്‍, ജഡ്ജിമാരുടെ ചേംബര്‍, ബാര്‍ അസോസിയേഷന്‍ ഹാള്‍, കോടതികളുടെ ഓഫിസ്, ക്ലര്‍ക്ക് അസോസിയേഷന്‍ ഹാള്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസ്, പോലീസ് ഔട്ട്‌പോസ്റ്റ് കേന്ദ്രം, ഇ-സേവാകേന്ദ്രം, ലീഗല്‍ സര്‍വിസസ് കമ്മിറ്റി ഓഫിസ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !