2000 പുസ്തകങ്ങൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൈമാറിക്കൊണ്ട് കരുനാഗപ്പള്ളിയിലെ….

കരുനാഗപ്പള്ളി : കോവിഡ് ബാധിതർക്കായുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററുകളിൽ കഴിയുന്നവരുടെ മാനസികസംഘർഷം കുറയ്ക്കുന്നതിന് അവർക്ക് പുസ്തകങ്ങൾ നൽകാനുള്ള ജില്ലാ കളക്ടറുടെ ആഹ്വാനം ഏറ്റെടുത്ത് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ നടപ്പാക്കിയ പുസ്തകക്കൂട്ട് പദ്ധതി പ്രകാരം 2000 പുസ്തകങ്ങൾ കൈമാറി.

കൊല്ലം ജില്ലാ കളക്ടർ എ. അബ്ദുൽ നാസർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാറിൽ നിന്നും ഔപചാരികമായി പുസ്തകങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് കൊല്ലം ടി എം വർഗീസ് ഹാളിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെൻ്ററിലേക്ക് രണ്ടായിരത്തോളം പുസ്തകങ്ങളും കൈമാറി.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് അഡ്വ പി.ബി. ശിവൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.പി. ജയപ്രകാശ് മേനോൻ, താലൂക്ക് എക്സി. അംഗം എം. സുരേഷ്കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

താലൂക്കിലെ നൂറിലധികം വരുന്ന ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ രണ്ടു ദിവസം കൊണ്ടാണ് രണ്ടായിരത്തിലധികം പുസ്തകങ്ങൾ ശേഖരിച്ചത്. പദ്ധതിയിലേക്ക് പുസ്തകങ്ങൾ നൽകി മന്ത്രി ജെ. മേഴ്സികുട്ടിയമ്മയും പ്രവർത്തനത്തിൽ പങ്കാളിയായി.

പുസ്തകങ്ങൾ കൂടാതെ കരുനാഗപ്പള്ളിയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, കാരംസ് ബോർഡ്, ചെസ് ബോർഡുകൾ, റേഡിയോകൾ തുടങ്ങിയവയും ഗ്രന്ഥശാലാ പ്രവർത്തകരുടെ വകയായി നൽകും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !