കരുനാഗപ്പള്ളി താലൂക്കാശുപത്രിക്ക് പുതിയ കെട്ടിട സമുച്ചയം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആഗസ്റ്റ് 10 ന് തുടങ്ങാൻ തീരുമാനമായി. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഭംഗം വരാതെ നിർമ്മാണ ജോലികൾ വേഗത്തിൽ പൂർത്തീകരിക്കാനാണ് തീരുമാനിച്ചത്.

കഴിഞ്ഞ ബഡ്ജറ്റിലാണ് കിഫ്ബിയിൽ നിന്നുള്ള 90 കോടി രൂപ വകയിരുത്തിയത്. ഭരണാനുമതി ലഭിച്ച പദ്ധതിയിൽ 66.49 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്. 29 മാസത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കിഫ്ബി നിശ്ചയിച്ച നിർമ്മാണ പ്രവർത്തനങ്ങൾക്ക് കെ.എസ്.ഇ.ബിയാണ് ഡി.പി.ആർ തയ്യാറാക്കിയതും മേൽനോട്ടം വഹിക്കുന്നതും.

മാസ്റ്റർ പ്ലാൻ അനുസരിച്ച് നിലവിലുള്ള രണ്ടുനിലയുള്ള മെയിൻ ബിൽഡിങ്ങിനു മുകളിൽ മൂന്നുനില കൂടി നിർമിച്ച് അഞ്ചുനില കെട്ടിടം പൂർത്തിയാക്കി ഇപ്പോൾ പ്രവർത്തിക്കുന്ന സുനാമി വാർഡിലും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലും ഇപ്പോൾ പ്രവർത്തിക്കുന്ന വിഭാഗങ്ങളെ ഈ കെട്ടിടങ്ങളിലേക്ക് മാറ്റും.

സുനാമി ബിൽഡിങ്‌ നിൽക്കുന്ന സ്ഥലത്തുനിന്ന്‌ പടിഞ്ഞാറോട്ട് എട്ടു നിലയിലായി പുതിയ കെട്ടിടമാണ് നിർമിക്കുക. രണ്ടുനിലയും തമ്മിൽ മൂന്നാമത്തെ നിലയിൽ ബന്ധിപ്പിക്കും. ബന്ധിപ്പിക്കുന്ന ഇടനാഴി കൂട്ടിരിപ്പുകാർക്കും മറ്റും വിശ്രമിക്കാനുള്ള സ്ഥലമാക്കും. 

പുതിയ ദേശീയപാത വികസനം വരുമ്പോൾ നിർമിക്കുന്ന സർവീസ് റോഡിലൂടെയാകും ആശുപത്രിയിലേക്കുള്ള പ്രധാന പ്രവേശന കവാടം. ഗ്രീൻ ബിൽഡിങ്‌ സാങ്കേതികവിദ്യയാണ്‌ നിർമാണത്തിന്‌ ഉപയോഗിക്കുക. ദുരന്തഘട്ടങ്ങളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന. 

ബ്ലഡ് ബാങ്ക്, സ്കാനിങ്‌ വിഭാഗം, പേ വാർഡ്, എക്സ്റേ, ലാബ്, ക്യാന്റീൻ തുടങ്ങിയവ ഉൾപ്പെടെ പ്രവർത്തിക്കുന്ന തരത്തിലാണ് പുതിയ എട്ടു നിലയുള്ള ഒ.പി. ബ്ലോക്ക് പ്രവർത്തനം തുടങ്ങുക. തെക്കുവശത്തെ അഞ്ചു നിലയുള്ള കെട്ടിടത്തിലാകും ഓപ്പറേഷൻ തിയറ്ററുകൾ ഉൾപ്പെടെ പ്രവർത്തിക്കുക.

1,15,000 ചതുരശ്ര അടിയിൽ നിർമിക്കുന്ന പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ആശുപത്രിയുടെ മുഖഛായ തന്നെ മാറും.

കരുനാഗപ്പള്ളി എം.എൽ.എ. ആർ. രാമചന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, ആശുപത്രി സൂപ്രണ്ട് തോമസ് അൽഫോൺസ്, ആർ.എം.ഒ. അനൂപ് കൃഷ്ണൻ, കെ.എസ്.ഇ. ബിയുടെ നിർവ്വഹണ ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !