നാടൻ പച്ചക്കറി കൃഷിയുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനികൾ….

കരുനാഗപ്പള്ളി : സ്ക്കൂൾ കെട്ടിടത്തിന്റെ വിശാലമായ മട്ടുപ്പാവിലെ ഗ്രോബാഗുകളിൽ നിറയെ പഴുത്തു വിളഞ്ഞ തക്കാളിയും പച്ചമുളകും വെണ്ടയും കോളി ഫ്ലവറുമെല്ലാം നിറഞ്ഞു നിൽക്കുന്നു. സ്ക്കൂൾ മട്ടുപ്പാവിൽ കുട്ടികൾ വിളയിച്ചെടുത്ത വിഷ രഹിതമായ നാടൻ പച്ചക്കറികളാണ് കാഴ്ചക്കാർക്ക് കൗതുകമാകുന്നത്.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് ജൈവ പച്ചക്കറി കൃഷിയിൽ കുട്ടികൾക്ക് മികച്ചനേട്ടം കൈവരിക്കാനായത്. സ്കൂൾ കെട്ടിടത്തിന്റെ വിശാലമായ മട്ടുപ്പാവിൽ ഗ്രോബാഗുകൾ നിരത്തി അതിൽ മണ്ണും ജൈവവളങ്ങളും ചേർത്താണ് കൃഷിക്കായി ഒരുക്കിയത്. സ്കൂളിൽ അധികം വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റ് വളമാക്കിയാണ് കൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.

സ്കൂൾ പരിസരത്ത് ഓരോ ദിവസവും അധികം വരുന്ന ന്യൂസ് പേപ്പർ ഉൾപ്പടെയുള്ള കടലാസുകൾ മണ്ണിനോടൊപ്പം ഗ്രോബാഗിൽ ചേർക്കുകയും ചെയ്യുന്നു. ശീതകാല കൃഷിക്കായി സ്കൂളിൽ തന്നെ മുളപ്പിച്ച തൈകളാണ് കൃഷിക്കായി ഉപയോഗിച്ചത്. തക്കാളി, പച്ചമുളക്, വെണ്ട, കോളി ഫ്ലവർ, വഴുതന, കാബേജ്, അമര തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്തത്. വിളവെടുപ്പിലൂടെ ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ അടുക്കളയിലേക്ക് തന്നെയാണ് പ്രധാനമായും നൽകുന്നത്. മിച്ചമുള്ളവ അദ്ധ്യാപകർ ഉൾപ്പടെയുള്ളവർക്ക് വിൽക്കും. ഇതു വഴി ലഭിക്കുന്ന മുഴുവൻ തുകയും ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിയിലെ കിടപ്പു രോഗികൾക്കായി നൽകുകയും ചെയ്യും. അതു വഴി നൻമ മനസിന്റെ ഉടമകൾ കൂടിയാവുകയാണു് ഈ പെൺകുട്ടികൾ.

സ്കൂൾ മട്ടുപ്പാവിൽ നടന്ന വിളവെടുപ്പുത്സവം കാപ്പെക്സ് ചെയർമാൻ പി ആർ വസന്തൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കോട്ടയിൽ രാജു അധ്യക്ഷനായി. സ്കൂളിലേക്കുള്ള പച്ചക്കറികൾ സ്കൂൾ മാനേജർ വി. രാജൻ പിള്ള ഹെഡ്മിസ്ട്രസ് ജി. ലീലാമണിക്ക് കൈമാറി. പച്ചക്കറിയുടെ ആദ്യ വിൽപ്പന നഗരസഭാ കൗൺസിലർ എൻ സി ശ്രീകുമാർ നിർവ്വഹിച്ചു. പദ്ധതി കോ-ഓർഡിനേറ്റർ മോഹനൻ, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !