കരുനാഗപ്പള്ളി : സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ യുവജന ദിനത്തിൽ കന്യാകുമാരിയിലെ കടലാഴങ്ങൾ താണ്ടി കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയായ രതീഷ് നീന്തി കയറിയത് ചരിത്രത്തിലേക്ക്. ഡോൾഫിൻ രതീഷ് എന്ന സാഹസിക നീന്തൽ താരത്തിന്റെ ചരിത്രത്തിലെ മറ്റൊരു നിർണ്ണായക നേട്ടമാണ് കുറിച്ചത്. കന്യാകുമാരി ജട്ടിയിൽ നിന്നും കയ്യും കാലും കെട്ടി വിവേകാനന്ദ പറയിലേക്കാണ് നീന്തി കയറിയത്.
ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, വൈസ് പ്രസിഡൻറ് എം.ബി. സഞ്ജീവ്, അംഗങ്ങളായ സലിന, രാജേഷ്‌ലാൽ, ഷീബാബാബു സുഹാസിനി, സിബിബോണി, പ്രീയമാലിനി, പഞ്ചായത്ത് സെക്രട്ടറി ടി.ദിലീപ്, ശരത്, അനിൽ, തുടങ്ങിയവരുടെ സാന്നിധ്യത്തിൽ, വിവേകാനന്ദകേന്ദ്രം ഡയറക്ടർ രതീഷിന്റെ കൈകാലുകൾ ബന്ധിച്ചു. തുടർന്ന് കടലിലേക്ക് ചാടിയ രതീഷ് ഒരു കിലോമീറ്റർ ദൂരം 24 മിനിട്ടുകൾ കൊണ്ട് വിവേകാനന്ദ പാറയിലേക്ക് നീന്തി കയറി. ഇവിടെ രതീഷിനെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടു കൂടി സ്വീകരിച്ചു.
വിവേകാനന്ദ സ്വാമിയുടെ ഓർമ്മകൾക്ക് മുന്നിലുള്ള തന്റെ അർച്ചനയാണ് സാഹസിക നീന്തലെന്ന് രതീഷ് പറഞ്ഞു.ആലപ്പാട്, പഞ്ചായത്തിലെ സാധാരണ മത്സ്യതൊഴിലാളി കുടുംബത്തിൽ ജനിച്ച് അറബി കടലിൽ കയ്യും കാലും കെട്ടി നീന്തി 2008 ൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിൽ സ്ഥാനം നേടുകയും തുടർന്ന് രണ്ടാം വർഷം തന്റെ തന്നെ റിക്കോർഡ് മെച്ചപ്പെടുത്തുകയും ചെയ്തു.
ഇപ്പോള്‍ പത്ത് വര്‍ഷമായി കൊല്ലം ബീച്ചിൽ ലൈഫ് ഗാര്‍ഡ് ആയി പ്രവര്‍ത്തിയെടുത്ത് വരുന്ന ഡോൾഫിൻ രതീഷിന്, നീന്തലിലുള്ള തന്റെ പ്രാഗത്ഭ്യം കടലിലകപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നതിന് സഹായകകരമായിട്ടുണ്ട്. ഡോൾഫിൻ രതീഷിന്റെ അവസരോചിതമായ ഇടപെടൽ മൂലം ജീവിതത്തിലേക്ക് തിരിച്ച് വന്നവരിൽ നിരവധി വിദേശികളും ഉള്‍പ്പെടുന്നു.
സേവന സന്നദ്ധതയും ജോലിയോടുള്ള ആത്മാര്‍ഥതയും കണക്കിലെടുത്ത് കേരള സര്‍ക്കാർ ഏര്‍പ്പെടുത്തിയ ടൂറിസം അവാര്‍ഡായ -ബെസ്റ്റ് ലൈഫ് ഗാർഡ്- അവാര്‍ഡ് 2012 ല്‍ ലഭിച്ചു. കേരളത്തിലും കേരളത്തിന് പുറത്തും നിരവധി ചെറുതും വലുതുമായ സാഹസിക പ്രകടനങ്ങൾ നടത്തി വ്യത്യസ്തമായ പല ഇന്ത്യൻ റിക്കോർഡുകളും തന്റെ പേരിലാക്കിയിട്ടുള്ള രതീഷിന്റെ അടുത്ത ലക്ഷ്യം ഇംഗ്ലീഷ് ചാനൽ കൈകാലുകൾ കെട്ടി നീന്തുകയെന്നതാണ്. അന്താരാഷ്ട്ര ഫ്രീസ്റ്റൈൽ നീന്തൽകാർ പലരും ഇംഗ്ലീഷ് ചാനൽ നീന്തി കടന്നിട്ടുണ്ടെങ്കിലും കൈകാലുകൾ ബന്ധിച്ചു ഒരാൾ ഇംഗ്ലീഷ് ചാനൽ നീന്തുന്നത് ലോകത്ത് തന്നെ ഇത് ആദ്യമായിട്ടായിരിക്കും.
ഇംഗ്ലീഷ് ചാനൽ അഥവാ ചാനൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഒരു ശാഖയാണ്. ഇത് ബ്രിട്ടനെയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്നു. ഇതിന് 560 കി.മി. നീളവും 240 കി.മി. മുതൽ 34 കി.മി. വരെ വീതിയും ഉണ്ട്. ഇംഗ്ലീഷ് ചാനൽ നീന്തുകയെന്നത് ഒരു കായിക താരത്തെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. ഏറ്റവും പ്രതിബന്ധം അതി കഠിനമായ തണുപ്പ് തന്നെയാണ്. നിരവധി മാസങ്ങൾ കഠിന പരിശ്രമത്തിലൂടെ ആ തണുപ്പുമായി പൊരുത്തപ്പെട്ടെങ്കിൽ(ACCLIMATIZE) മാത്രമേ ഒരാൾക്ക് ഇംഗ്ലീഷ് ചാനൽ നീന്താൻ കഴിയുകയുള്ളു. അടുത്ത പ്രതിസന്ധി ഇതിന് വേണ്ടി വരുന്ന അതിഭീമമായ ചിലവാണ്.അത് കണ്ടെത്തുകയെന്നതാണ് രതീഷിന് മുന്നിലെ പ്രധാന വെല്ലുവിളി. സർക്കാർ സംവിധാനങ്ങളും മറ്റ് സംഘടനകളും സഹായിച്ചെങ്കിൽ മാത്രമേ രതീഷിന് തന്റെ ലക്ഷ്യം കൈവരിക്കാൻ കഴിയുകയുള്ളു.