തിരുവാതിരക്കളി മത്സരം ശ്രദ്ധേയമായി…. കരുനാഗപ്പള്ളിയിൽ നടക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ്….

കരുനാഗപ്പള്ളി : കൈകൊട്ടി പാട്ടിനൊത്ത് ചുവടുവച്ച് മങ്കമാർ അരങ്ങു വാണപ്പോൾ കാഴ്ചക്കാർക്ക് അത് വേറിട്ട അനുഭവമായി. കരുനാഗപ്പള്ളിയിൽ നടക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ആഡിറ്റോറിയത്തിലാണ് തിരുവാതിരക്കളി മത്സരം നടന്നത്.


വിവിധ വർണ്ണങ്ങളിലെ വേഷങ്ങളണിഞ്ഞ് കണ്ണെഴുതി, നെറ്റിയിൽ കുറിയണിഞ്ഞ് ഈറൻ മുടിയുടെ അറ്റം കെട്ടി തുളസിക്കതിർ ചൂടി കുമ്മിയുടെയും വഞ്ചിപ്പാട്ടിന്റെയുമൊക്കെ താളത്തിനൊപ്പിച്ച് പെൺകൊടികൾ അരങ്ങു വാണപ്പോൾ തിരുവാതിരക്കളി മത്സരം വീറും വാശിയുടേതുമായി മാറി. തനിമയൊട്ടും ചോരാതെ പഴയ തലമുറയിൽ നിന്നും തിരുവാതിര എന്ന കലാരൂപം പുതിയ തലമുറയിലേക്ക് സന്നിവേശിക്കപ്പെടുന്ന എന്ന വിളംബരം കൂടിയായി മത്സരം മാറി. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ 17 ഓളം ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. വിധി നിർണ്ണയം പോലും അസാധ്യമാക്കുന്ന തരത്തിലുള്ള മിന്നുന്ന പ്രകടനമാണ് ഓരോ ടീമും കാഴ്ചവച്ചത്.



ഓച്ചിറ പരബ്രഹ്മ ക്ഷേത്രഭരണ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയു പ്രതിഭ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രൊഫ. എ. ശ്രീധരൻപിള്ള അധ്യക്ഷനായി. ശ്രീജിത്ത് എസ്. പിള്ള സ്വാഗതം പറഞ്ഞു. സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ശിവദാസ് ആമുഖ പ്രഭാഷണം നടത്തി. തഴവ ശ്രീഭദ്രാ കലാസമിതി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. പാവുമ്പാ ശിവഗംഗാ കലാസമിതി രണ്ടാം സ്ഥാനവും കൊല്ലം സിംഫണി സ്കൂൾ ഓഫ് മ്യൂസിക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 15000, 10000, 5000 എന്നിങ്ങനെ ക്യാഷ് അവാർഡ് നൽകി. പങ്കെടുത്ത ടീമുകൾക്കെല്ലാം രണ്ടായിരം രൂപയുടെ പ്രോത്സാഹന സമ്മാനവും നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !