കരുനാഗപ്പള്ളി നഗരസഭയിൽ വർണ്ണശബളമായി സത്യപ്രതിജ്ഞ ചടങ്ങ്….

കരുനാഗപ്പള്ളി : നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 35 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. പുതുതായി നിർമ്മിച്ച മുനിസിപ്പൽ ടവറിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗമായ രണ്ടാം ഡിവിഷനെ പ്രതിനിധീകരിക്കുന്ന എം അൻസാറിന് ആദ്യം വരണാധികാരി എസ് സുശീല സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഒന്നാം ഡിവിഷനിലെ സീമാസഹജനും മറ്റുള്ള അംഗങ്ങൾക്കും മുതിർന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ സെക്രട്ടറി എ ഫൈസൽ സ്വാഗതം പറഞ്ഞു. അസിസ്റ്റൻറ് റിട്ടേണിങ് ഓഫീസർമാരായ മനോജ് കുമാർ, സിയാദ് എന്നിവർ സംസാരിച്ചു.

സംസ്ഥാന സർക്കാരിനു വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മെയ്തീൻ്റെ സന്ദേശം ചടങ്ങിൽ വായിച്ചു.സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി, വനിതാ കമ്മീഷൻ അംഗം അഡ്വ എം എസ് താര, കാപ്പക്സ് ചെയർമാൻ പി ആർ വസന്തൻ, എൽ ഡി എഫ് നേതാക്കളായ പി കെ ബാലചന്ദ്രൻ , ബി സജീവൻ, കെ എസ് ഷറഫുദ്ദീൻ മുസ്ലിയാർ, ജഗത്ജീവൻ ലാലി, ബി ശ്രീകുമാർ, ആർ രവി ,ജെ ഹരിലാൽ, ബിജെപി നേതാവ് എ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് ആദ്യ കൗൺസിൽ യോഗം മുൻസിപ്പൽ ടൗൺ ഹാളിൽ ചേർന്നു. മുതിർന്ന അംഗം എം അൻസാർ അധ്യക്ഷനായി. വിവിധ കക്ഷി നേതാക്കളായ കോട്ടയിൽ രാജു, പടിപ്പുര ലത്തീഫ്, ടി പി സലിംകുമാർ ,സതീഷ് തേവനത്ത്, റെജി ഫോട്ടോപാർക്ക്, റഹിയാനത്ത് തുടങ്ങിയവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്തിലും വിവിധ പഞ്ചായത്തുകളിലും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലും വിവിധ ഗ്രാമപഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ആദിനാട് ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം തുളസീധരന് റിട്ടേണിംഗ് ഓഫീസർ എ ബിന്ദു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് മുതിർന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ഡി.ഒ. ആർ അജയകുമാർ ചടങ്ങിൽ സ്വാഗതം പറഞ്ഞു.

കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗമായ പതിനെട്ടാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്യാമളയ്ക്ക് റിട്ടേണിംഗ് ഓഫീസർ ഇന്ദു ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾ പ്രതിജ്ഞ ചൊല്ലി. തൊടിയൂർ ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം രവീന്ദ്രനാഥിന് റിട്ടേണിംഗ് ഓഫീസർ ഹരികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു.

ആലപ്പാട് ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗമായ പ്രേമചന്ദ്രൻ റിട്ടേണിംഗ് ഓഫീസർ ശോഭനയിൽ നിന്നും സത്യവാചകം ഏറ്റുചൊല്ലി. തുടർന്ന് മറ്റ് അംഗങ്ങൾക്ക് മുതിർന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. ക്ലാപ്പന ഗ്രാമ പഞ്ചായത്തിൽ മുതിർന്ന അംഗമായി തെരഞ്ഞെടുക്കപ്പെട്ട സുഭദ്രകുമാരിക്ക് റിട്ടേണിംഗ് ഓഫീസർ മനോജ് സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റ് അംഗങ്ങൾക്ക് മുതിർന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. നിരവധി പ്രവർത്തകരും നേതാക്കളും ചടങ്ങുകളിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !