ചായക്കടവിട്ട് കൗൺസിൽ ഹാളിലേക്ക്…

കരുനാഗപ്പള്ളി : മുഴങ്ങോട്ടു വിളജംഗ്ഷനിലെ പഴയ ചായ പീടികയിൽ തിങ്കളാഴ്ച രാവിലെയും പതിവ് തിരക്കു തന്നെയായിരുന്നു. പതിവ് തെറ്റാതെ ചായ ഒഴിക്കാൻ സായിപ്പെത്തി. നാട്ടുകാരുടെ -സായിപ്പ്-. പതിവുകാർക്ക് ചായ ഒഴിച്ചു നൽമ്പോൾ പതിവു വിട്ടൊരു അനുവാദം ചോദിക്കൽ. ഇന്ന് ഞാൻ സത്യപ്രതിജ്ഞ ചെയ്യുകയാണ്. എല്ലാവരുടെയും അനുഗ്രഹം വേണം. എല്ലാവർക്കും സന്തോഷം. ഒൻപതരയോടെ ഒരു പൊതു പ്രവർത്തകനൻ ബൈക്കുമായെത്തി. അതിനു പിറകിൽ കയറി നഗരസഭയിലേക്ക്….

കരുനാഗപ്പള്ളി നഗരസഭാ കൗൺസിലിലേക്ക് നാട്ടുകാരുടെ സായിപ്പ് എത്തുന്നത് കൗൺസിലറായിട്ടാണ്. മുഹമ്മദ് മുസ്തഫയെന്നാണ് പേരെങ്കിലും നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് -സായിപ്പ്- എന്നത്. ഇദ്ദേഹത്തിനും ആ വിളിയാണിഷ്ടം.

കരുനാഗപ്പള്ളി, മുഴങ്ങോട്ടുവിള ജംഗ്ഷനിലെ പഴയ ചായപ്പീടികയിൽ സഹോദരനൊപ്പം സായിപ്പുണ്ടാകും എപ്പോഴും നാട്ടുവർത്തമാനങ്ങളുമായി. നാട്ടുകാർക്ക് നല്ല ചായ അടിച്ചു നൽകുമ്പോഴും തമാശകളും ചില്ലറ രാഷ്ട്രീയവുമൊക്കെ സായിപ്പ് തട്ടി വിടും. എല്ലാവർക്കും സായിപ്പിൻ്റെ വർത്തമാനവും ഇഷ്ടമാണ്.

എല്ലാവരോടും വലിയ സ്നേഹത്തോടെയാണ് സായിപ്പ് പെരുമാറുന്നത്. ആകസ്മികമായിട്ടായിരുന്നു ഇരുപത്തി ഒമ്പതാം ഡിവിഷനിൽ സ്ഥാനാർത്ഥിയാകാൻ നിയോഗമുണ്ടായത്. യഥാർത്ഥ സായിപ്പിനെയും തോൽപ്പിക്കുന്ന നിറമുള്ള മുഖത്ത് അപ്പോഴും വെളുത്ത ചിരിയായിരുന്നു.

മുല്ലശ്ശേരിൽ അഹമ്മദ് കുഞ്ഞ് ഷരീഫാ കുഞ്ഞ് ദമ്പതികളുടെ 8 മക്കളിൽ ആറാമത്തെ മകനാണ് സായിപ്പ്. എതിർ സ്ഥാനാർത്ഥിയെ 231 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സായിപ്പ് പരാജയപ്പെടുത്തിയത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !