സാമൂഹ്യ അടുക്കളകൾ സജീവം…. ഞായറാഴ്ച ഭക്ഷണം നൽകിയത് 1700 ലധികം പേർക്ക്….

കരുനാഗപ്പള്ളി : കോവിഡിനെ തുരത്താൻ ക്ലോസ് ഡൗണിലായ നാട്ടിൽ ആരും വിശന്നിരിക്കരുത് എന്ന സർക്കാർ തീരുമാനം നടപ്പാക്കി കരുനാഗപ്പള്ളിയിലെ സാമൂഹ്യ അടുക്കളകളുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. അഞ്ചു പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി ഞായറാഴ്ച മാത്രം നൽകിയത് 1733 പൊതിച്ചോറുകളാണ്. ഓച്ചിറ – 400, കുലശേഖരപുരം 170, ക്ലാപ്പന – 230, തൊടിയൂർ-162, തഴവ – 171 കരുനാഗപ്പള്ളി നഗരസഭ-600 എന്നിങ്ങനെയാണ് ഞായറാഴ്ച വിതരണം ചെയ്ത പൊതിച്ചോറുകളുടെ എണ്ണം.

കിടപ്പു രോഗികൾ, പ്രായം ചെന്നവർ, ഒറ്റയ്ക്കു താമസിക്കുന്നവർ എന്നിവർക്കും ആശുപത്രികളിലുമാണ് പ്രധാനമായും ഭക്ഷണം എത്തിക്കുന്നത്. വാർഡു തലത്തിൽ പഞ്ചായത്തംഗങ്ങൾ വഴി നൽകുന്ന കണക്കനുസരിച്ചാണ് ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകുന്നത്.

ഓച്ചിറ ഗവ. ഐ.ടി.ഐ. യിൽ പ്രവർത്തിക്കുന്ന അടുക്കളയിൽ ഉച്ചഭക്ഷണം കൂടാതെ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും തയ്യാറാക്കുന്നുണ്ട്. ഓംകാരം സത്രത്തിലെ കോറൻ്റയിൻസെൻ്ററിലുള്ളവർക്കും ഓഡിറ്റോറിയത്തിൽ പാർപ്പിച്ചിരിക്കുന്ന അന്തേവാസികളെയും ഉദ്ദേശിച്ചാണ് പ്രധാനമായും പ്രഭാത-രാത്രി ഭക്ഷണം ഇവിടെ തയ്യാറാക്കുന്നത്.

കരുനാഗപ്പള്ളി താലൂക്കാശുപത്രി, നെഞ്ചുരോഗാശുപത്രി എന്നിവിടങ്ങളിലുൾപ്പടെ ഗേൾസ് ഹൈസ്ക്കൂളിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ കമ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണമെത്തിച്ചു നൽകുന്നു. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും സന്നദ്ധ പ്രവർത്തകരും ചേർന്ന് മാതൃകാപരമായ പ്രവർത്തനമാണ് നടത്തി വരുന്നതെന്ന് കമ്യൂണിറ്റി കിച്ചണുകൾ സന്ദർശിച്ച ശേഷം ആർ. രാമചന്ദ്രൻ എം.എൽ.എ. പറഞ്ഞു. വരും ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകൾ കൂടി സജീവമാക്കി ന്യായവിലയ്ക്ക് ഭക്ഷണമെത്തിക്കാനുള്ള ഒരുക്കത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !