റേഷൻ കാർഡുടമകൾക്ക് സൗജന്യ കിറ്റുകൾ ഒരുങ്ങുന്നു….

കരുനാഗപ്പള്ളി : സപ്ലെകോ ഔട്ട്ലറ്റുകളിൽ ഏറെ ദിവസങ്ങളായി ജീവനക്കാർക്ക് വിശ്രമമില്ല. അവർ അധിക ജോലിയിലാണ്. സാധാരണ ഡ്യൂട്ടി സമയം കഴിഞ്ഞുള്ള അധിക സമയമെടുത്ത് അവർ നൂറു കണക്കിന് ഭക്ഷ്യധാന്യ കിറ്റുകൾ തയ്യാറാക്കുകയാണ്. ക്ലോസ് ഡൗണിൻ്റെ ഭാഗമായി നൽകുന്ന സൗജന്യ റേഷൻ വിതരണത്തിനു പിന്നാലെ സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റുകൾ ഒരുക്കുകയാണവർ.

എല്ലാ വിഭാഗം കാർഡുടമകൾക്കും നൽകുന്ന ഭക്ഷ്യ കിറ്റുകൾ ആദ്യഘട്ടമായി എ.എ.വൈ. വിഭാഗത്തിനാകും നൽകുക. ഇതിനായി ആദ്യഘട്ടത്തിൽ കരുനാഗപ്പള്ളിയിൽ 10,927 എ.എ.വൈ. കിറ്റുകളാണ് വേണ്ടിവരുക. ജില്ലയിലെ നാല് സപ്ലെകോ ഡിപ്പോകളിലും കിറ്റുകൾ നിറയ്ക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ആദ്യ ഘട്ട വിതരണം നടത്താനാണ് ലക്ഷ്യമിടുന്നത്.

18 ഇനങ്ങളാണ് ഭക്ഷ്യ കിറ്റുകളിൽ ഉണ്ടാവുക. ഇവയുടെ ലഭ്യത ഉറപ്പു വരുത്തുന്ന നടപടികളും സപ്ലെകോ അധികൃതർ സ്വീകരിച്ചു വരികയാണ്. ദുരിതാശ്വാസ നിധിയിൽ നിന്നും 350 കോടി രൂപ കഴിഞ്ഞ ദിവസം ഇതിനായി അനുവദിച്ചിരുന്നു.

കരുനാഗപ്പള്ളി സപ്ലെകോ ഡിപ്പോയുടെ കീഴിലെ 19 പഞ്ചായത്തുകളിലായി മാവേലിസ്റ്റോർ, സൂപ്പർ മാർക്കറ്റ് എന്നിവ ഉൾപ്പടെ 28 ഔട്ട്ലറ്റുകളാണ് പ്രവർത്തിക്കുന്നത്. രാവിലെ 11 മുതൽ 5 മണി വരെയാണ് പ്രവർത്തനമെങ്കിലും രാവിലെ 9 മണി മുതൽ ഭക്ഷ്യധാന്യ കിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിക്കും.

100 സ്ഥിരം ജീവനക്കാരും നൂറോളം താൽക്കാലിക ജീവനക്കാരും ഇതിനായി അക്ഷീണം പ്രവർത്തിച്ചു വരികയാണെന്ന് ഡിപ്പോ മാനേജർ ലീലാകൃഷ്ണൻ പറഞ്ഞു. വൈകിട്ട് 5 മണിക്കു ശേഷവും സ്ത്രീകൾ ഉൾപ്പടെയുള്ള ജീവനക്കാർ ഭക്ഷ്യ കിറ്റുകൾ തയ്യാറാക്കുന്ന തിരക്കിലാണ്. വൈകാതെ അവ വീടുകളിലേക്കെത്തും.

ഭക്ഷ്യധാന്യ കിറ്റിലെ ഇനങ്ങൾ

1. പഞ്ചസാര 1 കിലോ
2. ഉപ്പ് 1 കിലോ,
3. ചെറുപയർ 1 കിലോ
4. കടല 1 കിലോ
5. വെളിച്ചെണ്ണ അര ലിറ്റർ
6. തേയില 250 ഗ്രാം
7. ആട്ട 2 കിലോ,
8. റവ 1 കിലോ,
9. മുളക് പൊടി 100 ഗ്രാം,
10. മല്ലിപ്പൊടി 100 ഗ്രാം,
11. തുവരപരിപ്പ് 250 ഗ്രാം
12. മഞ്ഞൾ പൊടി 100 ഗ്രാം,
13. ഉലുവ 100 ഗ്രാം,
14. കടുക് 100 ഗ്രാം,
15. അലക്കു സോപ്പ് 2 എണ്ണം
16. സൺ ഫ്ലവർ ഓയിൽ 1 ലിറ്റർ,
17. ഉഴുന്ന് 1 കിലോ
18. തുണി സഞ്ചി


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !