കരുനാഗപ്പള്ളി നഗരസഭയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ വൃത്തിയാക്കുന്ന…

കരുനാഗപ്പള്ളി : നഗരസഭയിലെ പ്രധാന ജലനിർഗ്ഗമനമാർഗങ്ങളായ തോടുകൾക്കും ഡ്രയിനേജുകൾക്കുമെല്ലാം ഇനി പുതിയ മുഖമാകും. പായലും മാലിന്യങ്ങളും ചെളിയും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട തോടുകൾ ഉൾപ്പടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. മൂന്ന് തഴത്തോടുകൾ, പാറ്റോലി തോട്, വിവിധ വാർഡുകളിലുള്ള ചെറിയ തോടുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയാണ് അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ശുചീകരിക്കുന്നത്.

ഓരോ വാർഡിലെയും തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുക കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. കുറഞ്ഞത് ഒരു ലക്ഷം രൂപയുടെയെങ്കിലും തൊഴിൽ ദിനങ്ങൾ ഓരോ വാർഡിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മഴക്കാലപൂർവ്വ ശുചീകരണം കൂടി ലക്ഷ്യമിട്ടാണ് തോടുകൾ വൃത്തിയാക്കുന്ന പദ്ധതി നടപ്പാക്കുന്നത്.

ഏഴാം വാർഡിലെ തഴത്തോട്ടിലെ പായലുകൾ നീക്കം ചെയ്തു കൊണ്ട് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീലതടീച്ചർ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഫൈസൽ, തൊഴിലുറപ്പ് പദ്ധതി വിഭാഗം ഓവർസിയർ അമൃത, അക്കൗണ്ടൻ്റ് രമ്യ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !