കരുനാഗപ്പള്ളി : വീൽ ചെയറുകളിൽ ജീവിതം നയിക്കുന്നവർക്ക് അൽപ ആശ്വാസം തരുന്ന ഒരു വാർത്തയിതാ. കുറഞ്ഞ ചെലവിൽ ഇലക്ട്രിക് വീൽചെയർ സിസ്റ്റം വരുന്നു. ഇത് കണ്ടു പിടിച്ചതാകട്ടെ നമ്മുടെ കരുനാഗപ്പള്ളിക്കാരനും. തൻ്റെ ശാസ്ത്ര വിജ്ഞാനത്തെ സാധാരണക്കാർക്കായി ഉപയോഗപ്പെടുത്തണമെന്ന നിശ്ഛയദാർഢ്യവുമായി മൂന്നു വർഷത്തോളമായി സൂരജ് നടത്തിയ അധ്വാനമാണ് ഒടുവിൽ ഫലം കണ്ടത്.
കുറഞ്ഞ ചെലവിൽ സ്മാർട്ട് ഇലക്ട്രിക് വീൽചെയറിനുള്ള കൺട്രോൾ സിസ്റ്റം വികസിപ്പിച്ചെടുക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി മലയാളിയായ യുവ എഞ്ചിനീയറാണ് നാടിന് അഭിമാനമാകുന്നത്.
കരുനാഗപ്പള്ളി, തഴവ വടക്കുംമുറി കിഴക്ക്, സുനിതാലയത്തിൽ സൂരജ് സുരേന്ദ്രനാണ് നൂതന കൺട്രോൾ സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നത്. വീൽ ചെയറുകൾ ഉപയോഗിക്കുന്ന നിരവധി സാധാരണക്കാർക്ക് ആശ്വാസമായി മാറുകയാണ് ഈ കണ്ടുപിടുത്തം. ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന ഇലക്ട്രിക് വീൽ ചെയറുകളുടെ കൺട്രോൾ സിസ്റ്റത്തിന് മാത്രമായി 12,000 രൂപ വരെയാണ് വില നൽകേണ്ടതായിവരുന്നത്. മാത്രമല്ല ഇത് റിപ്പയർ ചെയ്യേണ്ടി വരുമ്പോൾ വലിയ തുകയും ചെലവാക്കേണ്ടിവരും. ഇവിടെയാണ് ചെലവു കുറഞ്ഞ ഇലക്ട്രിക് വീൽചെയർ കൺട്രോൾ സിസ്റ്റം വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് സൂരജ് എന്ന മലയാളി എത്തിയത്.
മൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ വീൽചെയർ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ സൂരജ് തുടങ്ങി വച്ചിരുന്നു. സാധാരണ വീൽചെയറും ഇലക്ട്രിക് വീൽചെയറും തമ്മിൽ താരതമ്യം ചെയ്തപ്പോൾ കൺട്രോൾ സിസ്റ്റത്തിനുള്ള വലിയ വില വ്യത്യാസമാണ് പുതിയ കണ്ടുപിടുത്തത്തിന് ഇടയാക്കിയതെന്ന് സൂരജ് പറയുന്നു. ഇതേ കുറിച്ച് വിശദമായി വായിക്കുകയും പഠിക്കുകയും ചെയ്തതോടെ വീൽചെയർ ഉപയോഗിച്ചു വരുന്നവരുടെ വിഷമതയിൽ ആശ്വാസമേകി എന്തെങ്കിലും ചെയ്യാമെന്ന ചിന്തയാണ് പുതിയ പരീക്ഷണത്തിലേക്ക് ഈ യുവ എഞ്ചിനിയറെ എത്തിച്ചത്. എഞ്ചിനീയറിംഗ് മേഖലയിലുള്ള മുൻ പരിചയങ്ങളും സുഹൃത്തുക്കളുടെ പിന്തുണയും പുതിയ വീൽചെയർ കൺട്രോൾ സിസ്റ്റം എന്ന ആശയം പിറവിയെടുക്കുന്നതിന് സഹായകമായി.
ആൻഡ്രോയിഡ് ആപ്ലിക്കേഷനിലുള്ള എല്ലാ ഉപയോക്തൃ ഇന്റർഫേസ് ബട്ടണുകളും ഉള്ളതിനാൽ വീൽചെയറിന്റെ വേഗത ഇഷ്ട്ടാനുസരണം നിയന്ത്രിക്കാനുള്ള ഒരു ഇന്റർഫേസ് ഓപ്ഷൻ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഉപയോക്താവിന് വീൽചെയറിന്റെ വേഗത സജ്ജീകരിക്കാനും വ്യത്യസ്ത ഓപ്ഷനിലേക്ക് പോകാനും കഴിയും. ഇതൊരു യൂസർ ഫ്രണ്ട്‌ലി ഉപകാരണമാണെന്നുള്ളതാണ് മറ്റൊരു സവിശേഷത. 3500 രൂപ മാത്രമാണ് ഇതിൻ്റെ ചെലവ്. മെയിൻ്റനൻസ് വേണ്ടി വന്നാലും ചെറിയ തുക മാത്രമേ ചെലവാകുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഇതോടെ കുറഞ്ഞ ചെലവിൽ ഇലക്ട്രോണിക് വീൽ ചെയറുകൾ ഇൻഡ്യയിൽ തന്നെ കുറഞ്ഞ ചെലവിൽ ചെയ്യാനാവും എന്ന ആത്മവിശ്വാസത്തിലും സന്തോഷത്തിലുമാണ് ഈ യുവാവ്.
ഇലക്ട്രോണിക്സ് ആൻ്റ് ടെലികമ്യൂണിക്കേഷനിൽ ബി ടെക് ബിരുദധാരിയായ സൂരജ് ബാംഗ്ലൂരിലെ ഐടി കമ്പനിയിലെ ജോലിക്കിടെയായിരുന്നു പുതിയ പരീക്ഷണം വിജയത്തിലെത്തിച്ചത്. പത്ര ഏജൻ്റായ സുരേന്ദ്രൻപിള്ളയുടെയും സുധയുടെയും മകനാണ് സൂരജ്. ഡോ വീണയാണ് ഭാര്യ.