ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി ആചാര പ്രകാരം മാത്രം പടനിലത്ത് അരങ്ങേറി….

കരുനാഗപ്പള്ളി : ചരിത്രത്തിലാദ്യമായി ഭക്തർ ഇല്ലാതെ, ആചാര പ്രകാരം മാത്രം നടന്ന ഓച്ചിറക്കളി ആണ് പടനിലത്ത് അരങ്ങേറിയത്. കൊവിഡ് 19 ഭീഷണിയെത്തുടർന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് ഓച്ചിറക്കളി അരങ്ങേറിയത്.

വിവിധ കരകളിൽ നിന്നും എത്തിയ ആളുകളെ മാത്രമാണ് പടനിലത്തേക്ക് കയറ്റി വിട്ടത്. പടയാളികൾ അന്നദാന മന്ദിരത്തിനു മുന്നിൽ നിന്നും ഘോഷയാത്രയായി രണ്ട് ആൽത്തറകളും വെട്ടുകണ്ടവും തകിടി കണ്ടവും വലം വച്ച്, ഗണപതി ആൽത്തറയിലെത്തി. തിരികെയെത്തി രണ്ട് കരകളായി പിരിഞ്ഞു. തുടർന്ന് 10 കരയാശാൻമാരുടെ നേതൃത്വത്തിലാണ് ആദ്യ ദിവസത്തെ കളി അരങ്ങേറിയത്.


ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനായി ക്ഷേത്ര ഭരണസമിതിയും പോലീസും ആരോഗ്യവകുപ്പും നിതാന്ത ജാഗ്രതയോടെ ക്ഷേത്ര മൈതാനത്ത് ഉണ്ടായിരുന്നു.

ക്ഷേത്ര ഭാരവാഹികളായ പ്രൊഫ.എ ശ്രീധരൻപിള്ള, കളരിക്കൽ ജയപ്രകാശ്, വിമൽഡാനി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഓച്ചിറ സി.ഐ. ആർ പ്രകാശിൻ്റെയും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുനിലിൻ്റയും ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാറിൻ്റെയും നേതൃത്വത്തിൽ സർക്കാർ സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിച്ചു. ഉച്ചയോടെ ഓച്ചിറക്കളി സമാപിച്ചു. രണ്ട് ദിവസമായി ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി അരങ്ങേറി. എന്നാൽ എല്ലാ വർഷത്തെയും പോലെ ഓണാട്ടുകരയുടെ ഈ സവിശേഷമായ ആചാര പെരുമയ്ക്ക് സാക്ഷ്യംവഹിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ഭക്തരുടെ സാന്നിധ്യം ഇല്ല എന്നുള്ളതാണ് ഇത്തവണത്തെ ഓച്ചിറക്കളിയെ വ്യത്യസ്തമാക്കിയത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !