കരുനാഗപ്പള്ളി : സോഷ്യൽ മീഡിയകളിൽ ചർച്ചയായ, ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന, കൊല്ലം ജില്ലയിലെ, കരുനാഗപ്പള്ളി ചെറിയഴീക്കൽ, ശ്രീ കാശിവിശ്വനാഥ ക്ഷേത്ര സമർപ്പണം 2024 ഫെബ്രുവരി 25 ന് നടക്കും.
തങ്ക കൊടിമരത്തോടുകൂടി, പൂർണ്ണമായും കൃഷ്ണശിലയിൽ, തമിഴ്‌നാട് ശൈലിയിലാണ്, ഏഴ് വർഷം കൊണ്ട് കോടിക്കണക്കിന് രൂപ ചിലവഴിച്ച്, ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യയിലെ അതി പ്രസിദ്ധമായ പന്ത്രണ്ട് മഹാശിവ ക്ഷേത്രങ്ങളുടെ ജ്യോതിർലിംഗങ്ങളാണ് ചുറ്റമ്പലത്തിന്റെ മുൻവശത്തായി പാറയിൽ ഇവിടെ കൊത്തിവച്ചിരിക്കുന്നത്. ഒരുവശത്ത് ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും, മറുവശത്ത് ദേശത്തിന്റെ ചരിത്രവും ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ കഥാ രൂപത്തിൽ പാറയിൽ ഇവിടെ കൊത്തിവച്ചിട്ടിട്ടുണ്ട് . പിൻവശത്തായി ദശാവതാരങ്ങളും കാണാം. ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഇതാദ്യമാകാം.
കാശിയിൽ നിന്നും ലഭിച്ച വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത് എന്നൊരു ഐതിഹ്യം ഉള്ളതിനാൽ, വാരാണസി ശ്രീകാശിവിശ്വനാഥ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ കാശി മഹന്ത് ശ്രീകാന്ത് മിശ്രയാണ് 2024 ഫെബ്രുവരി 25 ന് ഞായറാഴ്ച 5 മണിക്ക് ക്ഷേത്ര സമർപ്പണം നടത്തുന്നത് . തുടർന്ന് തെന്നിന്ത്യൻ താരവും നർത്തകിയുമായ ലക്ഷ്‌മി ഗോപാല സ്വാമിയുടെ നൃത്തവും ഉണ്ടാകും.
2024 ഫെബ്രുവരി 21 ന് ബുധനാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന സമൂഹ പൊങ്കാലയ്ക്ക് പത്മശ്രീ അശ്വതി തിരുന്നാൾ ഗൗരി ലഷ്‌മീ ഭായി തമ്പുരാട്ടി ഭദ്രദീപ പ്രകാശനം നടത്തും.
2024 ഫെബ്രുവരി 22 ന് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കൊല്ലൂർ ശ്രീ മൂകാംബിക ദേവീ ക്ഷേത്രം തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗയുടെ മുഖ്യ കാർമ്മികത്വത്തിൽ സർവൈശ്വര്യ പൂജയും ലക്ഷദീപവും ക്ഷേത്രത്തിൽ നടക്കും.
2024 ഫെബ്രുരി 28 മുതൽ മാർച്ച് 8 വരെ ശിവരാത്രി മഹോത്സവവും നടക്കും.
ഇതിനകം തന്നെ, നിരവധി പേരാണ് പൂർണ്ണമായും ശിലയിൽ നിർമ്മിച്ച ഈ ക്ഷേത്രം കാണാനായി ഓരോ ദിവസവും ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.