ഓൺലൈൻ ജേർണലിസ്റ്റുകളുടെ  അവകാശങ്ങൾക്കായി ജെഎംഎ പ്രധാനമന്ത്രിക്ക് നിവേദനം നൽകി.

ന്യൂഡൽഹി: ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ മാധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അവകാശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ)  പ്രധാനമന്ത്രിക്ക് നിവേദനം നൽകി . ഓൺലൈൻ മാധ്യമപ്രവർത്തകരെ വർക്കിംഗ് ജേണലിസ്റ്റുകളായി അംഗീകരിക്കണമെന്നും അച്ചടി, പ്രക്ഷേപണ മാധ്യമങ്ങളിൽ അവർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങളും പരിരക്ഷകളും നൽകണമെന്നും ജെഎംഎ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

സമൂഹത്തിൽ നടക്കുന്ന അഴിമതികൾ പൊതുജനങ്ങളെ അറിയിക്കുന്നതിലും അത് വഴി അധികാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവരെ ഉത്തരവാദിത്ത ബോധമുള്ളവരാക്കുന്നതിലും ഓൺലൈൻ പത്രപ്രവർത്തകർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരോട് സംസ്ഥാന സർക്കാരുകൾ കാണിച്ചു വരുന്ന അവഗണനയ്ക്ക് കേന്ദ്രസർക്കാരിന്റെ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ വിഷയമാണ്. മാധ്യമപ്രവർത്തകരുടെ ക്ഷേമപദ്ധതിയായ ജേണലിസ്റ്റ് പെൻഷൻ പദ്ധതിയിൽ നിന്ന് അവരെ  അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നു. ഈ  വിവേചനം അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ കാര്യമാണെന്ന് നാഷണൽ പ്രസിഡന്റ്  വൈശാഖ് സുരേഷ് പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിൽ പറഞ്ഞു.

ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പലപ്പോഴും വാർത്താ സമ്മേളനങ്ങളിലേക്കും മറ്റ് പരിപാടികളിലേക്കും പ്രവേശനം നിഷേധിക്കപ്പെടുന്നു. പരമ്പരാഗത മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർക്ക്  ലഭിക്കുന്ന  സർക്കാർ ആനുകൂല്യങ്ങൾക്ക് ഓൺലൈൻ മാധ്യമപ്രവർത്തകർക്ക്  അർഹതയില്ല. പ്രിന്റഡ് വിഷ്വൽ മാധ്യമ പ്രവർത്തകർക്കൊപ്പം തന്നെ  ഓൺലൈൻ മാധ്യമപ്രവർത്തകർ പീഡനത്തിനും ഭീഷണിക്കും ഇരയാകാറുണ്ട്.എന്നാൽ പരമ്പരാഗത പത്രപ്രവർത്തകർക്കുള്ള സംരക്ഷിത നിയമങ്ങൾ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് ഇല്ലെന്നും  വൈശാഖ് സുരേഷ് പറഞ്ഞു.

“നമ്മുടെ ജനാധിപത്യത്തിൽ ഓൺലൈൻ മാധ്യമപ്രവർത്തകർ വഹിക്കുന്ന പ്രധാന പങ്ക് സർക്കാർ തിരിച്ചറിയണം. പൊതുസമൂഹത്തിലെ വാർത്തകൾ സത്യാവസ്ഥ മനസ്സിലാക്കി ഉടൻതന്നെ പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന  ഓൺലൈൻ മാധ്യമപ്രവർത്തകരെ സംസ്ഥാന സർക്കാരുകൾ  പരിഗണിക്കുന്നില്ല. ഓൺലൈൻ മാധ്യമപ്രവർത്തകർക്കും മറ്റു മാധ്യമപ്രവർത്തകർക്ക്‌ നൽകുന്ന സംരക്ഷണവും കരുതലും സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

മീഡിയ റിസർച്ച് യൂസേഴ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, പകുതിയിലധികം ഇന്ത്യക്കാർക്കും ഇപ്പോൾ അവരുടെ വാർത്തകൾ ലഭിക്കുന്നത് ഓൺലൈൻ ഉറവിടങ്ങളിൽ നിന്നാണ്. എന്നാൽ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് സർക്കാരിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
എല്ലാത്തരം മാധ്യമങ്ങളിലും പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കുന്ന ഒരു ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ  ഓൺലൈൻ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കായി നിരവധി വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളിലെ ഭരണകൂടവുമായി വാദങ്ങൾ നടന്നുവരികയാണ്.  

Download : JMA Letter to PM


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !