കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാലയില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും. ഇഷ്ടമുള്ള പുസ്തകങ്ങള്‍ തേടി ദിവസവും നിരവധിപേരാണ് പുസ്തകോത്സവത്തില്‍ എത്തുന്നത്.
നോവലുകള്‍, ജീവചരിത്രങ്ങള്‍, കവിതകള്‍, കഥകള്‍, കുട്ടികളുടെ കഥാപുസ്തകങ്ങള്‍, മത്സരപ്പരീക്ഷകള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ തുടങ്ങി വിവിധ പുസ്തകങ്ങള്‍ മേളയില്‍ ലഭിക്കും. ആകര്‍ഷകമായ വിലക്കിഴിവുമുണ്ട്. മാതൃഭൂമി ബുക്‌സിന്റെയും ഇംഗ്ലീഷിലെയും മലയാളത്തിലെയും മറ്റ് പ്രമുഖ പ്രസാധകരുടെയും പുസ്തകങ്ങള്‍ ഇവിടെനിന്നുവാങ്ങാം.
സ്വപ്‌നങ്ങളെ വ്യാഖ്യാനിച്ച സിഗ്മണ്ട് ഫ്രോയിഡിന്റെ സ്വപ്‌നങ്ങളുടെ വ്യാഖ്യാനം എന്ന ലോക ക്ലാസിക് കൃതി വായനക്കാര്‍ക്ക് സ്വന്തമാക്കാം. മഹത്തായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവുമായി അര്‍ജന്റീനയില്‍നിന്ന് പുറപ്പെട്ട ചെഗുവേരയുടെ ഓര്‍മക്കുറിപ്പുകള്‍ മോട്ടോര്‍ സൈക്കിള്‍ ഡയറി, ബൊളീവിയന്‍ ഡയറി, ഇന്ത്യന്‍ ആത്മീയതയുടെ പ്രകാശം ലോകംമുഴുവന്‍ വ്യാപിപ്പിച്ച സ്വാമി വിവേകാനന്ദന്റെ കൃതികള്‍, എ.പി.ജെ.യുടെ തിരഞ്ഞെടുത്ത പ്രഭാഷണങ്ങള്‍, സി.എച്ച്.മുഹമ്മദ് കോയയുടെ കൃതികള്‍ എന്നിവയും മേളയിലെ ആകര്‍ഷണങ്ങളാണ്. രാവിലെ പത്തുമുതല്‍ ഏഴുവരെയാണ് പുസ്തകോത്സവം.