നമ്മുടെ കരുനാഗപ്പള്ളിയിലെ മിടുക്കന്മാരെയും മിടുക്കികളെയും തിരഞ്ഞെടുക്കാൻ ഒരു റിയാലിറ്റി ഷോ

കരുനാഗപ്പള്ളി:  നമ്മുടെ കരുനാഗപ്പള്ളിയിലെ  മിടുക്കരായ കുട്ടികൾക്ക് ചലച്ചിത്രതാരമോ പിന്നണി ഗായകരോ ആകാനുള്ള അവസരം നൽകുക എന്ന ആശയവുമായി ചലച്ചിത്ര സംവിധായകനായ അനിൽ വി. നാഗേന്ദ്രൻ കോർഡിനേറ്ററായി "പുസ്‌തകവീട്" സംഘടിപ്പിച്ച "സ്റ്റാർ ഇൻ സ്‌ക്രീൻ" റിയാലിറ്റി ഷോ കരുനാഗപ്പള്ളിയിൽ നടന്നു.

മലയാള സിനിമയ്ക്ക് നിരവധി പുതു മുഖങ്ങളെ അവതരിപ്പിച്ചതു കൂടാതെ  അവർക്ക് ഇന്ത്യയിലെ മികച്ച നടനും നടിക്കുമുള്ള അവാർഡ് വരെ നേടി കൊടുക്കാൻ സാധിച്ച   ഒരു സംവിധായകനാണ് നമ്മുടെ കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശിയും സംവിധായകനുമായ അനിൽ വി. നാഗേന്ദ്രൻ. കൂടാതെ   സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യകാരനുമായിരുന്ന ഡോ.വി.വി.വേലുക്കുട്ടി അരയന്റെ ചെറുമകൻ കൂടിയാണ്.

കരുനാഗപ്പള്ളി ഠൗൺ ക്ലബ്ബിലാണ് രണ്ടു ദിവസത്തെ ആഘോഷ പരിപാടികൾ നടന്നത്. പ്രസിദ്ധ ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും സംഗീത സംവിധായകരും പിന്നണി ഗായകരും വിധികർത്താക്കളായി എത്തി.

പ്രസിദ്ധ ചലച്ചിത്ര താരം ശ്രീ. പ്രേംകുമാറാണ് പരിപാടി ഉദ്‌ഘാടനം ചെയ്‌തത്‌.  ശ്രീ. ആർ. രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷൻ ആയിരുന്നു.

കഥാപ്രസംഗത്തിലൂടെ പ്രസിദ്ധനായ ശ്രീ.സാംബശിവന്റെ മകൻ പ്രൊഫ. വസന്തകുമാർ സാംബശിവൻ, ചലച്ചിത്ര രംഗത്ത് നിന്ന് സർവ്വശ്രീ പ്രമോദ് പയ്യന്നൂർ, അഹമ്മദ് മുസ്ളീം,ഛായാഗ്രാഹകനും തമിഴ് സംവിധായകനുമായ കവിയരശ്, ഗോപൻ കൽഹാരം, ജോസഫ് വിത്സൺ, സംഗീത രംഗത്തെ പ്രമുഖരായ പി.കെ. മേദിനി, കല്ലറ ഗോപൻ, അഞ്ചൽ ഉദയകുമാർ, ശുഭ, പ്രിയ, ചലച്ചിത്ര-മിമിക്രി താരം ജോസഫ് വിത്സൺ തുടങ്ങീ നിരവധി സിനിമാ രംഗത്ത് നിന്നുള്ളവരും പൊതുപ്രവർത്തകരും രണ്ടു ദിവസത്തെ പരിപാടികളിൽ സാന്നിധ്യം അറിയിച്ചു.

പുസ്തകോത്സവം, ക്വിസ് മത്സരം, വിവിധ കലാപരിപാടികൾ, സാംസ്ക്കാരിക സമ്മേളനം  തുടങ്ങിയവയും നടന്നു.

സമാപന സമ്മേളനം അഡ്വ. കെ.സോമപ്രസാദ് എം.പി. ഉദ്‌ഘാടനം ചെയ്‌തു. ശ്രീ. പി.ആർ. വസന്തൻ അധ്യക്ഷൻ ആയിരുന്നു.

നമ്മുടെ കരുനാഗപ്പള്ളി ബസ്റ്റാൻഡിന് കിഴക്കുവശം പുതിയതായി ആരംഭിച്ച   "പുസ്‌തകവീട്" എന്നത് പ്രമുഖ പ്രസാധകരുടെ വമ്പിച്ച പുസ്‌തക ശേഖരമെന്നതിലുപരി  ഒരത്യപൂർവ വൈജ്ഞാനിക-സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. അവിടിരുന്നു നമുക്കു പുസ്തകങ്ങൾ  വായിക്കാനുള്ള സൗകര്യവുമുണ്ട്.

"പുസ്‌തകവീട്" ന്റെ ഉദ്‌ഘാടനം കൈതപ്പുറം ദാമോദരൻ നമ്പൂതിരിയായിരുന്നു നിർവഹിച്ചത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !