സൗജന്യ വൈദ്യ പരിശോധനയും മരുന്നുകളും….. റോട്ടറി ക്ലബിന്റെ ജറിയാട്രിക് ക്ലിനിക്ക്….

കരുനാഗപ്പള്ളി : റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ മാസത്തിലെ എല്ലാ മൂന്നാമത്തെ ഞായറാഴ്ചയും 10 മണി മുതൽ 1 മണി വരെ കരുനാഗപ്പള്ളിയിലെ റോട്ടറി ക്ലബിന്റെ ജറിയാട്രിക് ക്ലിനിക്കില്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 60 വയസ്സിന് മുകളിലുള്ളവർക്ക് വൈദ്യപരിശോധനയും മരുന്നുകളും സൗജന്യമായി നല്‍കി വരുന്നു.

23 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന റോട്ടറി ക്ലബിന്റെ ജറിയാട്രിക് ക്ലിനിക്കില്‍ 250 ലധികം ഗുണഭോക്താക്കളാണ് ഇപ്പോൾ ഉള്ളത്. അർഹതപ്പെട്ട രോഗികൾ ഇവിടെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
രോഗികൾക്ക് സൗജന്യ പ്രഭാത ഭക്ഷണവും ഇവിടെ നിന്നും ലഭിക്കുന്നതാണ്. അർഹതപ്പെട്ട രോഗികൾക്ക് മരുന്ന് കൂടാതെ കമ്പിളി തുടങ്ങീ വസ്‌ത്രങ്ങളും ഇവിടെ നിന്ന്‌ നൽകാറുണ്ട്. കരുനാഗപ്പള്ളിയിലെ പ്രശസ്‌തരായ 15 ലധികം ഡോക്‌ടേഴ്‌സിന്റെ സേവനം ഇവിടെ ലഭ്യമാണ്.


റോട്ടറി ക്ലബ്ബ് നടത്തിവരുന്ന ജറിയാട്രിക് ക്ലിനിക്കിന്റെ ഈ വർഷത്തെ പ്രവർത്തനം നഗരസഭാധ്യക്ഷ എം.ശോഭന ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എ.വേണുകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അജിതാകുമാരി, റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ ഷൈൻകുമാർ, അസിസ്റ്റന്റ് ഗവർണർ പദ്‌മകുമാർ, ഡോ. പരമേശ്വരൻ പിള്ള, ഡോ. സുമിത്രൻ, ക്ലബ്ബ് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !