ആദരാഞ്ജലികൾ…. ചവറ എം.എല്‍.എ. എന്‍. വിജയന്‍പിള്ള(65) അന്തരിച്ചു.

കരുനാഗപ്പള്ളി :  ചവറ എം.എല്‍.എ. എന്‍. വിജയന്‍പിള്ള(65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ ചവറ ശങ്കരമംഗലത്തെ വീട്ടുവളപ്പിൽ.  മൃതദേഹം കൊച്ചിയിൽ നിന്ന് ചവറയിലേക്ക് അൽപ സമയത്തിനകം കൊണ്ടുപോകും .   11 മണിയോടെ കരുനാഗപ്പള്ളിയിൽ നിന്ന് വിലാപയാത്ര ആരംഭിക്കും.  എം.എൽ.എ. ഓഫീസ്, സി.പി.എം. ചവറ ഏരിയാ കമ്മറ്റി ഓഫീസ്, ചവറ പഞ്ചായത്ത് എന്നിവിടങ്ങളിൽ പൊതുദർശനം.

ചവറ മടപ്പള്ളി വിജയമന്ദിരത്തിൽ മെംബർ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1951–ൽ ജനനം. ചവറ ബോയ്സ് ഹൈസ്കൂളിലും ശാസ്താംകോട്ട ഡി.ബി .കോളജിലും പുനലൂർ എസ്.എൻ.  കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.  21–ാം വയസ്സിൽ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് ബേബിജോണിന്റെ കീഴിൽ ആർ.എസ്.പി . യിലൂടെ ജനകീയ നേതാവായി വളർന്ന വ്യക്തിത്വമായിരുന്നു വിജയൻ പിള്ളയുടേത്. പിതാവിന്റെ പിൻതുടർച്ചയായി വ്യവസായ രംഗത്തും ജനപ്രതിനിധിയെന്ന നിലയിലും വ്യക്തി മുദ്ര പതിപ്പിച്ചു. സഹോദരങ്ങളുമായി ചേർന്ന് ടൂറിസം മേഖലയിൽ ഹോട്ടൽ ശൃംഖലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തിവരികയായിരുന്നു.

തുടർച്ചയായി 21 വർഷം ആർ.എസ്.പി . പ്രതിനിധിയായി ചവറ പഞ്ചായത്തിൽ മടപ്പള്ളി, തോട്ടിനുവടക്ക് വാർഡുകളെ പ്രതിനിധീകരിച്ചു. 2000ൽ കോൺഗ്രസ് ടിക്കറ്റിൽ ജില്ലാ പഞ്ചായത്ത് തേവലക്കര ഡിവിഷനിൽ നിന്നും വിജയിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതിയംഗം, ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ്, വിവിധ ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ച വിജയൻ പിള്ള കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.എം.പിയിലൂടെ എൽ.ഡി.എഫിലെത്തി ചവറയിലെ എം.എൽ.എ. ആയി.  മുൻ മന്ത്രിയും ബേബിജോണിന്റെ മകനുമായ ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയായിരുന്നു വിജയം. 

ആർഎസ്പിയുടെ ബ്രാഞ്ച് തലം മുതൽ പ്രവർത്തിച്ച് ചവറ മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലെത്തി. ജില്ലാ ബാങ്ക് സഹകരണ ബാങ്ക് പ്രസിഡന്റ്, ചവറ പട്ടത്താനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ സഹകരണ രംഗത്തും നിറസാന്നിധ്യമായി. ആർ.എസ്.പി .  യിൽ നിന്നും മാറി 1998ൽ കോൺഗ്രസിൽ കരുണാകരപക്ഷത്ത് ഉറച്ച് നിന്നു. തുടർന്ന് ഡി.ഐ.സിക്കൊപ്പം ചേർന്നു. വീണ്ടും കോൺഗ്രസിൽ മടങ്ങിയെത്തിയ അദ്ദേഹം 2011 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത്  കോൺഗ്രസ് വിട്ടു. ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ചവറ അസംബ്ലി മണ്ഡലം രൂപീകരിച്ചതിനുശേഷമുള്ള ആദ്യത്തെ ആർ.എസ്.പി . ഇതര എം.എൽ.എ.യായി എൻ.വിജയൻപിള്ള.   

ജനങ്ങൾക്ക് ഏതു സമയത്തും ഏതൊരാവശ്യത്തിനും  ആശ്രയിക്കാൻ  കഴിയുന്ന ഒരു ജനകീയ നേതാവായിരുന്നു ചവറയുടെ പ്രീയങ്കരനായിരുന്ന  വിജയൻപിള്ള എന്ന വിജയണ്ണൻ.

ഭാര്യ: സുമ, മക്കള്‍ :സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകന്‍: ജയകൃഷ്ണന്‍

 


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !