നമ്മുടെ കരുനാഗപ്പള്ളിയിലെ CFA അഥവാ ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ, നമുക്കറിയാം

കരുനാഗപ്പള്ളി: നമ്മുടെ കരുനാഗപ്പള്ളി ചെറിയഴീക്കലിൽ പ്രവർത്തിക്കുന്ന
പ്രശസ്തമായ ഒരു ഫുട്ബോൾ ക്ളബ്ബാണ് CFA അഥവാ ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ. 1976 ൽ രൂപീകൃതമായ CFA കേരളത്തിലെതന്നെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളിലൊന്നാണിത്. അന്തരിച്ച സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ. കെ. ദേവരാജൻ അവർകളാണ് CFA യുടെ സ്ഥാപകൻ. കാൽപ്പന്തുകളി ഒരു ദേശത്തിന്റെ വികാരമായി മാറിയതിന്റെ തുടക്കമായിരുന്നു ഇത്‌. പിന്നീട്‌ CFA യുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ആലപ്പാട് പഞ്ചായത്തിലെ കായിക സംസ്കാരത്തിന്റെ നെടുംതൂണായി മാറുവാൻ സംഘടനക്ക് സാധിച്ചു. CFA യുടെ ഹോം ഗ്രൗണ്ടായ CFA ഗ്രൗണ്ടും സംഘടനയെപ്പോലെ വളരെപ്പെട്ടെന്നുതന്നെ പ്രശസ്തിയാർജ്ജിച്ചു. ആലപ്പാട് പഞ്ചായത്തിലെ ഒരേയൊരു ഗ്രൗണ്ടാണ് ഇത്‌. ആയിരക്കണക്കിന് കുട്ടികൾ ഫുട്ബോളിന്റെ ബാലപാഠം പഠിച്ച ഗ്രൗണ്ട്.

1976 ൽ തന്നെ കേരളത്തിലെ പ്രമുഖ ബീച്ച് ഫുട്ബോൾ ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മാമാങ്കം CFA ഉത്സവിന് സംഘടന തുടക്കം കുറിച്ചിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ടൂർണമെന്റ് ചെറിയഴീക്കൽ ജനതയ്ക്ക് ഒരുത്സവം തന്നെയായിരുന്നു. നാനാഭാഗങ്ങളിൽ നിന്നും കാൽപ്പന്തുകളിയുടെ വന്യ മുഹൂർത്തങ്ങൾ നേരിട്ടാസ്വദിക്കുവാൻ ഫുട്ബോൾ പ്രേമികൾ ഇരമ്പിയെത്തി.

വർഷങ്ങൾ കടന്നുപോയപ്പോഴും CFA ഫുട്ബോൾ ടീം ആലപ്പാട് പഞ്ചായത്തിലും മറ്റു ദേശങ്ങളിലും നടക്കുന്ന ടൂർണമെന്റുകളിൽ എപ്പോഴുമുള്ള വിജയം തുടർക്കഥയായി. അനിലും ബാബുവും തമ്പിയുമടങ്ങുന്ന CFA ടീം കേരളത്തിലെ മറ്റു ടീമുകൾക്ക്‌ നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

സംഘടനയുടെ ഇരുപതാം വാർഷികം പ്രമാണിച്ച് അന്നത്തെ ഇന്ത്യൻ ഫുട്ബോൾ ക്യാപ്ടൻ ശ്രീ ജോപ്പോൾ അഞ്ചേരിയെ CFA ഉത്സവിന്റെ വിശിഷ്ട അതിഥിയായി കൊണ്ടുവന്നത് CFA യുടെ ശക്തി വിളിച്ചറിയിക്കുന്നതായിരുന്നു. 2001 ൽ സംഘടയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് അന്നത്തെ കായികമന്ത്രിയും സിനിമാ താരവുമായ ശ്രീ. ഗണേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു തുടക്കം കുറിച്ചു. രജതജൂബിലി നിറവിലെത്തിയ സംഘടനയ്ക്കു ബഹുമാനപ്പെട്ട എം.പി. ശ്രീ എൻ.കെ പ്രേമചന്ദ്രൻ എം. പി. ഫണ്ടിൽ നിന്നും രജതജൂബിലി മന്ദിരം നിർമ്മിച്ചു നൽകിയത് സംഘടനയ്ക് അർഹിച്ച അംഗീകാരമായി. ഇന്ത്യയിൽ ആദ്യമായി ഒരു ഫുട്ബോൾ ക്ലബിന് MP ഫണ്ട് കിട്ടുന്നത് തന്നെ CFA ക്കാണ്.

2004 ലെ സുനാമി ദുരന്തത്തെ തുടർന്നു CFA ഉത്സവ് രണ്ട് വർഷക്കാലം നടന്നില്ല. 2007 ൽ ടൂർണമെന്റ് വീണ്ടും പുനരാരംഭിച്ചു. 2016 ലെ CFA ഉത്സവിൽ കരുനാഗപ്പള്ളിയുടെ ചരിത്രത്തിലാദ്യമായി എറണാകുളവും ആലപ്പുഴയും തമ്മിൽ ഏറ്റുമുട്ടിയ വനിത ഫുട്ബോൾ മത്സരവും CFA ഗ്രൗണ്ടിൽ അരങ്ങറി. കഴിഞ്ഞ വർഷം ആലപ്പുഴയിൽ നടന്ന അഖിലകേരള ബീച്ച് ഫുട്ബോൾ മേളയിൽ CFA കപ്പ് ഉയർത്തിയത് വളരെ അഭിമാനിക്കാവുന്ന ഒന്നായി മാറി.

ഇന്ന് സംഘടന 42-മത് വർഷനിറവിൽ എത്തിനിൽക്കുന്നു. സുവർണജൂബിലിയിലേക്ക്‌ അടുക്കുന്ന CFA കേരള സ്പോർട്സ് കൗൺസിൽ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, നെഹ്‌റു യുവകേന്ദ്ര എന്നിവടങ്ങളിലെയും അംഗമാണ്. സർവശ്രീ ശ്രീനിവാസൻ, പ്രിയദർശൻ, രാഗേഷ്, ശശികുമാർ, എം .എസ്. കുമാർ, ജയേഷ് കുമാർ, പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വളർന്ന CFA കഴിഞ്ഞ പത്ത്‌ വർഷങ്ങളായി യുവനേതൃത്വമാണ് നയിക്കുന്നത്. ശ്രീസ്കന്ദനും ആദർശും സുധിയുമടങ്ങുന്ന നേതൃത്വനിര സംഘടനയെ ശക്തമായി മുന്നോട്ടു നയിക്കുന്നു…….”അതെ വികാരമാണ് CFA ഒരു ജനതയുടെ വികാരം”

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനു വടക്കുവശത്തുകൂടി കല്ലുംമൂട്ടിൽകടവ് – ചെറിയഴീക്കൽ പാലം വഴി ആലപ്പാട് പോകുന്ന വഴിക്കാണ്‌ നമ്മുടെ CFA ഗ്രൗണ്ട്.നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ....