കരുനാഗപ്പള്ളി : കേരം തിങ്ങും കേരളനാടിന്റെ സാംസ്കാരിക സൗന്ദര്യം ഒപ്പിയെടുത്ത് കുട്ടികൾ അരങ്ങു വാണ്ടപ്പോൾ ഹർഷാരവത്തോടെ കാണികൾ വരവേറ്റു. മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി തഴവ ആദിത്യ വിലാസം ഗവ: ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തശില്പമാണ് ശ്രദ്ധേയമായത്.
കേരളത്തിന്റെ കല്പവൃക്ഷമായ തെങ്ങിന്റെ ഓലകൾ പലതട്ടുകളായി വിരിഞ്ഞു വരുന്നതും അതിൽ നിന്ന് നാളീകേരങ്ങളും അക്ഷരങ്ങളും പുറത്തേക്ക് വരുന്നതുമാണ് നൃത്തശില്പത്തിന്റെ ആദ്യഘട്ടം. തുടർന്ന് സഹൃ സാനുവിൽ തുടങ്ങുന്ന ഗാനത്തിനൊപ്പം വെള്ള വസ്ത്രധാരിയായ മലയാളഭാഷാ മാതാവ് കേരളം എന്ന കുട്ടിയെ സ്നേഹവാത്സ്യത്തോടെ വാരിപ്പുണരുന്നതുമാണ് നൃത്തശില്പത്തിന്റെ പ്രമേയം.
101 കുട്ടികൾ പങ്കെടുത്ത നൃത്തശില്പത്തിൽ കേരളീയതനതുകലകളായ മോഹിനിയാട്ടം, തിരുവാതിര, വഞ്ചിപ്പാട്ട്, ഒപ്പന, തുടങ്ങിയവ കോർത്തിണക്കിയാണ് നൃത്തം അവതരിപ്പിച്ചത്. സംസ്ഥാന അദ്ധ്യാപക അവാർഡു ജേതാവും ശിൽപ്പകലാ അദ്ധ്യാപകനുമായ സി. രാജേന്ദ്രന്റെ നേതൃത്വത്തിൽ സഘടിപ്പിച്ച നൃത്തശില്പത്തിൽ നൂറോളം തെങ്ങിന്റെ ഓലകളും അനുബന്ധസാമഗ്രികളും ഉപയോഗിച്ചു 50 മീറ്റർ ചുറ്റളവിലാണ് നൃത്തശില്പം ക്രമീകരിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ആർ സുനിൽകുമാർ നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് പോണാൽ നന്ദകുമാർ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ സി.രാജേന്ദ്രനെ ആദരിച്ചു. കെ ഹസീന ബി. സൗഭാംബിക, ആർ. പത്മകുമാർ, മിനി, സമിത, ഐറിൻ വിധുമോൾ, ശ്രീജിത്ത്, സരസ്വതി, ശ്രീലത, റസീന, എൻ.സി.സി – ജെ.ആർ.സി കുട്ടികൾ എന്നിവർ നേതൃത്യം നൽകി.