ഓച്ചിറയിൽ നടക്കുന്ന പ്രൊഫഷണൽ നാടക മത്സരത്തിന് ഇന്ന് സമാപനം…

കരുനാഗപ്പള്ളി : നാടക സിനിമാരംഗത്തെ അതുല്യപ്രഭയായിരുന്ന ഗീഥാ സലാമിന്റെ സ്മരണ നിലനിർത്തുന്നതിനായി ഓച്ചിറ വയനകത്ത് രൂപീകൃതമായ തട്ടകത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടക മത്സരത്തിന് ഇന്ന് സമാപനം.



2019 നവംബർ 5 മുതൽ 10 വരെ രാത്രി 7.30ന് ഏഴു നാടകങ്ങളാണ് നാടകോത്സവത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.



അഞ്ചിനു വൈകിട്ട് നാലിന്‌ നടൻ ഹരിശ്രീ അശോകനായിരുന്നു ഉദ്‌ഘാടനം നിർവഹിച്ചത്. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ബേബിക്കുട്ടൻ തൂലിക, സി.എസ്. സുജാത, സി.ആർ. മഹേഷ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.



നവംബർ 5-ന് രാത്രി 7.30ന് കൊച്ചിൻ ചന്ദ്രകാന്തയുടെ അന്നം നാടകം, നവംബർ ആറിനു വള്ളുവനാട് നാദത്തിന്റെ കാരി, ഏഴിനു തിരുവനന്തപുരം ഒരുമ നാടകപ്പുരയുടെ ചെറിയ കുടുബവും വലിയ മനുഷ്യനും, എട്ടിനു തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം, ഒമ്പതിനു തിരുവനന്തപുരം മമതയുടെ സ്നേഹത്തിര മണൽ എന്നിവ അവതരിപ്പിച്ചു. ദിവസവും രാത്രി 7.30നാണ്‌ നാടകാവതരണം.



നവംബർ 10 ന്‌ സമാപന സമ്മേളനം വി എം സുധീരൻ ഉദ്‌ഘാടനംചെയ്യും. രാത്രി ഏഴിനു വയനകം തട്ടകത്തിന്റെ -അവസാനം വന്ന അതിഥി- എന്ന നാടകവും രാത്രി 8.30ന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി നാടകവും വേദിയിൽ അവതരിപ്പിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !