കരുനാഗപ്പള്ളി നഗരസഭ നടപ്പിലാക്കുന്ന അക്ഷരവെളിച്ചം പദ്ധതിക്ക് തുടക്കമായി….

കരുനാഗപ്പള്ളി : നഗരസഭയിൽ നടപ്പിലാക്കുന്ന വേറിട്ട പദ്ധതിയായ അക്ഷരവെളിച്ചം പദ്ധതിക്ക് തുടക്കമായി. നഗരസഭാ അതിർത്തിയിലുള്ള പതിനാലോളം ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്ന പദ്ധതിയാണ് അക്ഷരവെളിച്ചം.


ഗ്രന്ഥശാലകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് ഗ്രാമീണ വിവര വിദ്യാഭ്യാസകേന്ദ്രങ്ങളാക്കി ഇവയെ മാറ്റി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗ്രന്ഥശാലകൾക്കാണ് അക്ഷരവെളിച്ചം പദ്ധതിയിലൂടെ സഹായങ്ങൾ ലഭ്യമാക്കുന്നത്.

ഗ്രന്ഥശാലകൾക്കുള്ള പുസ്തകക്കെട്ടുകൾ വിതരണം ചെയ്തുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം ആർ രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.

നഗരസഭാ വൈസ് ചെയർമാൻ ആർ രവീന്ദ്രൻപിള്ള, പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം മഞ്ജു സ്വാഗതം പറഞ്ഞു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ വി വസുമതി, സുരേഷ് പനകുളങ്ങര, പ്രതിപക്ഷ പാർലമെൻററി പാർട്ടി ലീഡർ എംകെ വിജയഭാനു,എൻ സി ശ്രീകുമാർ, ആർ കെ ദീപ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ അതിർത്തിയിലുള്ള വിദ്യാലയങ്ങൾക്ക് ഫർണിച്ചറുകൾ നൽകുന്ന പദ്ധതിയുടെ വിതരണവും ഇതോടൊപ്പം നടന്നു.

കടപ്പാട് : സുരേഷ് വെട്ടുകാട്ട്


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !