കരുനാഗപ്പള്ളി : ശക്തമായ കാറ്റിലും മഴയിലും ആലപ്പാട് കടലോരത്തെ മുഴുവൻ വീടുകളിലും കടൽവെള്ളം കയറി. ചെറിയഴീക്കൽ – പണ്ടാരത്തുരുത്ത് മേഖലകളിൽ റോഡിനും കടലിനും ഇടയ്ക്കുള്ള അമ്പതിലധികം വീടുകളിൽ കടൽവെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്.
കടലേറ്റം പ്രതിരോധിക്കാൻ നിരത്തിയ ജിയോബാഗുകൾ പലയിടങ്ങളിലും തകർത്താണ് കടൽവെള്ളം കരയിലേക്ക് കയറിയത്. ഗതാഗതവും തടസ്സപ്പെട്ടു. ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാൻ ചെറിയഴീക്കൽ ഗവ. എൽ.പി.എസിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ചെറിയഴീക്കൽ സി.എഫ്.എ. ഗ്രൗണ്ടിനു സമീപം മൂന്നു വീടുകളും, പണിക്കർകടവിലും മറ്റു പ്രദേശങ്ങളിലുമായി 10 വീടുകളും തകർന്നു.
അഴീക്കൽ തെക്ക്, സ്രായിക്കാട്, പറയകടവ്, കുഴിത്തുറ, വെള്ളനാതുരുത്ത് എന്നിവിടങ്ങളിലും കടലേറ്റം ശക്തമാണ്. പറയകടവിൽ റോഡിന് കിഴക്കുഭാഗത്തുള്ള വീടുകളിലും വെള്ളം കയറി.
നിയുക്ത എം.എൽ.എ.സി.ആർ.മഹേഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, കരുനാഗപ്പള്ളി തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ആലപ്പാട് തീരത്ത് തുടർച്ചയായുണ്ടാകുന്ന കടലേറ്റത്തിന് ശാശ്വതപരിഹാരമാണ് വേണ്ടതെന്നും, കെ.സി.വേണുഗോപാൽ എം.പി. ആയിരുന്നപ്പോൾ നിർദേശിക്കപ്പെട്ട പുലിമുട്ട് പദ്ധതിയുടെ പ്രാധാന്യം മുഖ്യമന്ത്രിയുടെയും ജലസേചന മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും, നിലവിലുള്ള പദ്ധതികളെപ്പറ്റി ഉദ്യോഗസ്ഥരുമായും ജില്ലാ ഭരണകൂടവുമായും ചർച്ചചെയ്ത് വരുന്ന മൺസൂണിൽ കടലേറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും നിയുക്ത എം.എൽ.എ. സി.ആർ. മഹേഷ് പറഞ്ഞു.