കരുനാഗപ്പള്ളി ആലപ്പാട് നിവാസികളുടെ ഉത്സവം കൂടിയായ തിരുച്ചെങ്ങന്നൂര്‍ ശിവരാത്രി ഫെബ്രുവരി 13 ന്

കരുനാഗപ്പള്ളി: ആലപ്പാട് നിവാസികൾ ആണ്ടുതോറും നടത്തിവരുന്ന തിരുച്ചെങ്ങന്നൂര്‍ ശിവരാത്രിയും പരിശംവയ്പും 2018 ഫെബ്രുവരി 13 ന് ചൊവ്വാഴ്ച നടക്കും. 1813-ാമത്തെ പരിശംവയ്പ് യാത്രയ്ക്ക് പരമ്പരയിൽപെട്ട കരയോഗങ്ങളുടെ സഹകരണത്തോടെ ചെറിയഴീക്കല്‍ അരയവംശപരിപാലന യോഗമാണ് ഈ വർഷം നേതൃത്വം നല്‍കുന്നത്.

ശിവരാത്രിദിവസം സ്ത്രീധനവുമായാണ് (പരിശം) ആലപ്പാട് നിവാസികൾ ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെത്തുന്നത്. ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ആലപ്പാട്ടരയന്മാരുടെ വകയായിട്ടാണ് എല്ലാവര്‍ഷവും കൊണ്ടാടുന്നതും. നിരവധി ചടങ്ങുകളോടെയാണ് ചെങ്ങന്നൂർ നിവാസികൾ ആലപ്പാട്ടു നിന്ന് വരുന്ന ഭക്തരെ സ്വീകരിക്കുന്നതും അവരോടൊപ്പം ഉത്സവം ആഘോഷിക്കുന്നതും. ഈ ദിവസം ഭഗവാൻ ശ്രീ പരമശിവൻ ശ്രീ പാർവ്വതീദേവിയെ വിവാഹം കഴിക്കുന്നതായിട്ടാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചെറിയഴീക്കല്‍ കാശിവിശ്വനാഥക്ഷേത്രത്തില്‍നിന്ന് യാത്ര പുറപ്പെടും. ആലപ്പാട്ടെയും പരിസരത്തെയും 26 ക്ഷേത്രങ്ങളിലെത്തി സ്വീകരണം ഏറ്റുവാങ്ങിയശേഷം ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെത്തും. ഘോഷയാത്ര കടന്നു വരുമ്പോൾ എല്ലാ വീടുകളിലും നിലവിളക്കു തെളിയിച്ചാണ് ഭക്തജനങ്ങൾ സ്വീകരിക്കുന്നത്.

വൈകിട്ട് 3.30-ന് ഓച്ചിറയില്‍നിന്ന് തിരിച്ച് സന്ധ്യയോടെ യാത്ര ചെങ്ങന്നൂരിലെത്തും. രാത്രി ഏഴിന് ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും. അഖിലകേരള ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. യോഗത്തിനുശേഷം സംഗീത സദസ്സും ഉണ്ടായിരിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !