ആലപ്പാട്: ആലപ്പാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സെലിന അറിയിച്ചു.
ഓച്ചിറ കുടിവെള്ളപദ്ധതിയിലെ ഉപ്പുരസം മാറ്റാന്‍ മുണ്ടുവേലിക്കടവില്‍ താത്കാലികമായി തടയണ കെട്ടുന്നതിന് എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സഹകരണത്തോടെ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ളപ്രശ്‌നം രൂക്ഷമായിരുന്ന അഴീക്കലില്‍ കുഴല്‍ക്കിണറിലൂടെ ജലം ആവശ്യത്തിന് ലഭിക്കാന്‍ സംവിധാനമായി. കുടിശ്ശിക അടയ്ക്കാത്തതിനാല്‍ പ്രവര്‍ത്തനം നിലച്ച കുഴിത്തുറയിലെ കുഴല്‍ക്കിണര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 2,40,000 രൂപ വൈദ്യുതി ചാര്‍ജ് കുടിശ്ശിക സര്‍ക്കാരുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അടപ്പിച്ചു. ഇതോടെ കുഴിത്തുറയിലെ കുടിവെള്ളപ്രശ്‌നത്തിനും പരിഹാരമാകുകയാണ്.
കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ ഉടന്‍ നിര്‍മ്മിക്കും. ചെറിയഴീക്കല്‍, സ്രായിക്കാട് എന്നിവിടങ്ങളിലെ കുഴല്‍ക്കിണറുകളിലെ കുടിവെള്ളം ഉപയോഗയോഗ്യമല്ലാത്തതിനാല്‍ ഇതിനും ബദല്‍മാര്‍ഗം ആലോചിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഓച്ചിറപദ്ധതിയില്ള്ള കുടിവെള്ളം ആയിരംതെങ്ങ് വഴി അഴീക്കലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി.സഞ്ജീവും അഴീക്കല്‍ രണ്ടാംവാര്‍ഡ് ഗ്രാമപ്പഞ്ചായത്തംഗം സലിനയും പറഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മൂക്കുംപുഴയിലും പുതിയ പദ്ധതികൊണ്ടുവരാന്‍ പഞ്ചായത്ത് തീരുമാനിച്ചു.