ചവറ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ചമയവിളക്കെടുപ്പ് വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും

ചവറ: ചവറ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ചമയവിളക്കെടുപ്പ് വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. അഭീഷ്ടകാര്യസിദ്ധിക്കായി അന്യസംസ്ഥാനങ്ങളില്‍നിന്നുപോലും നിരവധി ഭക്തരാണ് ഇവിടെ വിളക്കെടുക്കാന്‍ എത്തുന്നത്. പുരുഷാംഗനമാരുടെ ചമയവിളക്ക് ദേവിക്കുള്ള ആത്മസമര്‍പ്പണം കൂടിയാണ്.

ചമയവിളക്കെടുക്കുന്നതിന് ഇവിടെ ചില ആചാരങ്ങളുണ്ട്. കണ്ണെഴുതി പൊട്ടുതൊട്ട് മുല്ലപ്പൂ ചൂടി സാരിധരിച്ച് വിളക്കെടുക്കണം. പുരുഷാംഗനമാര്‍ അണിഞ്ഞൊരുങ്ങി ക്ഷേത്രത്തിലെത്തി ശ്രീകോവിലിനുമുന്നില്‍ നിന്ന് വിളക്കു കത്തിച്ച് പ്രദക്ഷിണം വച്ചതിന് ശേഷം വിളക്ക് മണ്ണില്‍ കുഴിച്ചുവെച്ച് ദേവിയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു. പുലര്‍ച്ചെ ചമയവിളക്ക് കാണാനായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവി എത്തുന്നു. വിളക്കുകണ്ട് തൃപ്തയായ ദേവിയുടെ അനുഗ്രഹം വാങ്ങിയതിനുശേഷമേ വീടുകളിലേക്ക് മടങ്ങാവൂ എന്നാണ് ആചാരം.

വിവിധ ദേശങ്ങളില്‍നിന്നെത്തുന്ന ഭക്തര്‍ വിവിധവേഷങ്ങളില്‍ വ്രതാനുഷ്ഠാനത്തോടെ അഭീഷ്ടകാര്യസിദ്ധിക്കായി വിളക്കെടുക്കും. വ്യത്യസ്തമായ ആചാരത്തോടെ രണ്ടു വയസ്സുകാര്‍മുതല്‍ വയോധികര്‍വരെ സ്ത്രീകളായി ദേവിയുടെ മുന്നില്‍ അഞ്ചുതിരിയിട്ട ചമയവിളക്ക് എടുക്കുമ്പോള്‍ ആചാരപ്പെരുമയുടെ അപൂര്‍വതയാണ് കാണാന്‍ കഴിയുന്നത്.

ആദ്യദിനത്തിലെ ഉത്സവം നടത്തുന്നത് ചവറ-പുതുക്കാട് കരക്കാരാണ്. 7ന് ഉരുള്‍ച്ച, 11 ന് കലശപൂജകള്‍, 3ന് കെട്ടുകാഴ്ച, രാത്രി 10ന് സംഗീതസദസ്സ്. പുലര്‍ച്ചെ ദേവി എഴുന്നള്ളി കുഞ്ഞാലുംമൂടുമുതല്‍ ആറാട്ടുകടവുവരെ നിരന്നുനില്‍ക്കുന്ന പുരുഷാംഗനമാരെ അനുഗ്രഹിക്കും. തുടര്‍ന്ന് ആറാട്ട് നടത്തി കുരുത്തോലപ്പന്തലില്‍ ദേവി വിശ്രമിക്കുന്നതോടെ ആദ്യദിവസത്തെ ചമയവിളക്ക് അവസാനിക്കുന്നു.

ശനിയാഴ്ച കുളങ്ങരഭാഗം-കോട്ടയ്ക്കകം കരക്കാരുടെ ഉത്സവത്തോടെ കൊറ്റന്‍കുളങ്ങര ചമയവിളക്കെടുപ്പിന് സമാപനമാകും. വിളക്കെടുക്കുന്നവരുടെ വസ്ത്രധാരണം ക്ഷേത്രാചാരങ്ങള്‍ക്ക് യോജിച്ചതായിരിക്കണം എന്ന് പ്രസിഡന്റ് വി.ജയചന്ദ്രന്‍, സെക്രട്ടറി ജി.ശശിധരന്‍ പിള്ള,പബ്ലിസിറ്റി കണ്‍വീനര്‍ വിനു വി.നായര്‍ എന്നിവര്‍ അറിയിച്ചു


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !