ക്ലാപ്പന ഷണ്‍മുഖവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അവാര്‍ഡുകൾ

കരുനാഗപ്പള്ളി: ക്ലാപ്പന ഷണ്‍മുഖവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം അവാര്‍ഡും പരിസ്ഥിതി സൗഹൃദ അവാര്‍ഡും ലഭിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണ്‍ പോര്‍ട്രയിറ്റ്ഗ്യാലറി സ്ഥിതിചെയ്യുന്ന വിദ്യാലയം എന്ന പരിഗണനയിലാണ് യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം അവാര്‍ഡിന് അര്‍ഹമായത്. പ്ലാസ്റ്റിക് ഉപയോഗത്തെ ചെറുത്ത് വിദ്യാര്‍ഥികളില്‍ പരിസ്ഥിതിസൗഹൃദ മനോഭാവം വളര്‍ത്താന്‍ ലക്ഷ്യമിട്ട് സ്‌കൂളില്‍ നടപ്പിലാക്കിയ ‘മഷിപ്പേനയും ഇങ്ക്ബൂത്തും’ പദ്ധതിക്കാണ് പരിസ്ഥിതിസൗഹൃദ അവാര്‍ഡ് ലഭിച്ചത്. പദ്ധതിപ്രകാരം രണ്ടായിരം വിദ്യാര്‍ഥികള്‍ക്ക് മഷിപ്പേനയും ഇങ്ക് ബൂത്തും സ്ഥാപിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഇങ്ക് ബൂത്തുകളാണ് സ്ഥാപിച്ചത്.

മാർച്ച് 25ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് യു.ആര്‍.എഫ്. (ഇന്ത്യ) നാഷണല്‍ ജൂറി അംഗം ഡോ.അനീഷ് ശിവാനന്ദ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. കെ.സി.വേണുഗോപാല്‍ എം.പി.ഉദ്ഘാടനം ചെയ്യും. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കവി ഏഴാച്ചേരി രാമചന്ദ്രന്‍ പ്രഭാഷണം നടത്തും. ഗ്യാലറിയില്‍ പുതുതായി സ്ഥാപിക്കുന്ന പത്തുചിത്രങ്ങളുടെ അനാച്ഛാദനം പഞ്ചായത്ത് പ്രസിഡന്റ് എസ്.എം.ഇക്ബാല്‍ നിര്‍വഹിക്കും. ചിത്രകാരന്‍ സി. കെ.ശ്രീധരനെ ചടങ്ങില്‍ ആദരിക്കുമെന്നും സ്‌കൂള്‍ മാനേജര്‍ എന്‍. മുരളീധരന്‍, പ്രിന്‍സിപ്പാള്‍ ഷീജ, പ്രഥമാധ്യാപിക എസ്.ഗിരിജ, പി.ടി.എ. പ്രസിഡന്റ് ഡി. ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ അറിയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !