കരുനാഗപ്പള്ളി: ആലുംകടവ്-പത്മനാഭൻജെട്ടി തീരദേശറോഡ് വികസനത്തിന് ഭരണാനുമതി ലഭിച്ചു. ആധുനികരീതിയിലാണ് റോഡ് വികസിപ്പിക്കുക. 3.26 കോടി രൂപയാണ് റോഡ് വികസനത്തിനായി അനുവദിച്ചത്. 2016-17 ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.
ആലുംകടവുമുതല്‍ പത്മനാഭൻജെട്ടിവരെ ടി.എസ്.കനാലിന് തീരത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. കരുനാഗപ്പള്ളിയുടെ ടൂറിസം വികസനത്തിനും റോഡ് മുതല്‍ക്കൂട്ടാകുമെന്ന് കണക്കാക്കുന്നു.
2017-18 ബജറ്റില്‍ ഓച്ചിറ-വള്ളിക്കാവ്-ആലുംകടവ് റോഡും അംഗീകരിച്ചിട്ടുണ്ട്. ഈ റോഡുകൂടി യാഥാര്‍ഥ്യമായാല്‍ ഓച്ചിറമുതല്‍ പത്മനാഭൻജെട്ടിവരെ ദേശീയപാതയ്ക്ക് സമാന്തരമായ തീരദേശറോഡായി ഇത് മാറും. പത്മനാഭൻജെട്ടിയില്‍നിന്ന് ദേശീയപാതയില്‍ കരോട്ട് ജങ്ഷനിലേക്ക് നിലവില്‍ റോഡുണ്ട്. അതിനാല്‍ ഓച്ചിറയില്‍നിന്ന് വള്ളിക്കാവ്, അലുംകടവ്, പത്മനാഭൻജെട്ടി വഴി കരുനാഗപ്പള്ളിയില്‍ എത്തിച്ചേരാനാകും.
ടി.എസ്.കനാലിന്റെ തീരമേഖലയുടെ വികസനത്തിനും റോഡ് മുതല്‍ക്കൂട്ടാകുമെന്ന് കണക്കാക്കുന്നു. മാത്രമല്ല, ഓച്ചിറമുതല്‍ കരുനാഗപ്പള്ളിവരെ ബൈപ്പാസായും റോഡ് ഉപയോഗിക്കാം. ഇതുവഴി ദേശീപാതയിലെ അപകടങ്ങള്‍ കുറയ്ക്കാനും സാധിക്കും. ഓച്ചിറയ്ക്കും കരുനാഗപ്പള്ളിയ്ക്കും ഇടയില്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടാല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടാന്‍ സാധിക്കും. നിലവില്‍ ദേശീയപാതയില്‍ ഗതാഗതതടസ്സം ഉണ്ടായാല്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ് പതിവ്. നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയുടെ ഭാഗമായി ഈ റോഡ് മാറാനും സാധ്യതയുണ്ട്.
കാട്ടില്‍ക്കടവില്‍ പാലം യാഥാര്‍ഥ്യമാകുന്നതോടെ ഈ റോഡിന് ഏറെ പ്രസക്തിയുണ്ടാകും. 20 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ കാട്ടില്‍ക്കടവ് പാലത്തിന് അനുവദിച്ചത്.