കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഭരിച്ചത് വനിതാ പോലീസുകാര്‍

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതികളുമായി എത്തിവര്‍ക്ക് ആശ്ചര്യം… പരാതി സ്വീകരിക്കാനും നടപടികളെടുക്കാനുമെല്ലാം വനിതാ പോലീസുകാര്‍ മാത്രം. പാറാവ് ഡ്യൂട്ടിക്കുവരെ തോക്കുമായി വനിതാ പോലീസ്. ദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായി കൊല്ലം സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ വനിതാ പോലീസുകാര്‍ ഭരിച്ചത്. പോലീസ് സ്റ്റേഷന്‍ ഭരണവും തങ്ങളുടെ കൈകളില്‍ സുരക്ഷിതമെന്ന് വനിതകള്‍ തെളിയിച്ചു.

ബുധനാഴ്ച രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെയും സ്റ്റേഷന്‍ ഭരണം പൂര്‍ണമായും വനിതകളുടെ കൈകളിലായിരുന്നു. എ.എസ്.ഐ. സൂസി മാത്യുവിനായിരുന്നു സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, പരാതി അന്വേഷണം എന്നിവ ഒഴികെ പല ഡ്യൂട്ടികളും മുമ്പും ചെയ്തിട്ടുണ്ടെങ്കിലും കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ എല്ലാ ഡ്യൂട്ടികളും വനിതകള്‍ ചെയ്യുന്നത് ആദ്യമാണ്.

സ്റ്റേഷനില്‍ എത്തിയവരുടെ പരാതികള്‍ വനിതാ പോലീസുകാര്‍ കേട്ടു. അവയില്‍ പലതിനും ഉടന്‍ നടപടിയും സ്വീകരിച്ചു. വസ്തുതര്‍ക്കവും അടിപിടിയും ഉള്‍പ്പെടെയുള്ളവ അക്കൂട്ടത്തിലുണ്ടായിരുന്നു. അതിനിടെ പട്രോളിങ് ഡ്യൂട്ടിക്കും വനിതാ പോലീസുകാര്‍ പോയി. മദ്യപിച്ച് വാഹനം ഓടിച്ചത് ഉള്‍പ്പെടെ വിവിധ കേസുകളും രജിസ്റ്റര്‍ ചെയ്തു. പതിന്നാല് വനിതാ പോലീസുകാരുള്ള സ്റ്റേഷനില്‍ ഏഴുപേര്‍ ബുധനാഴ്ച ഡ്യൂട്ടിയ്ക്ക് ഉണ്ടായിരുന്നു.

കരുനാഗപ്പള്ളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.ശോഭന സ്റ്റേഷനിലെത്തി വനിതാ പോലീസുകാരെ അഭിനന്ദിച്ചു


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !