കരുനാഗപ്പളളി അമൃതാനന്ദമയീ മഠം മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ സംഭാവന നല്‍കി

കരുനാഗപ്പളളി: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മാതാ അമൃതാനന്ദമയി മഠം രണ്ടു കോടി രൂപ സംഭാവന നല്‍കി. അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയാണ് ചെക്ക് കൈമാറിയത്.

ഓഖി ദുരന്തത്തിനിരയായവരെ സഹായിക്കാൻ അമൃതാനന്ദമയീ മഠം കൂടെയുണ്ടെന്നും ദുഃഖത്തില്‍ അമ്മയും പങ്കുചേരുന്നെന്ന് അമ്മ പറഞ്ഞതായും അമൃതസ്വരൂപാനന്ദപുരി മുഖ്യമന്ത്രിയോട് പറഞ്ഞു.
സ്വന്തം ഭര്‍ത്താവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ കഴിയാത്ത ഭാര്യമാരുടെ അവസ്ഥ കാണാതിരിക്കാന്‍ കഴിയില്ലെന്നും അവരെ സഹായിക്കാന്‍ അമ്മ അതിയായി ആഗ്രഹിക്കുന്നെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വഴി ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നേരുത്തെ മഠം നൽകിയിരുന്നു.

ഓഖി ദുരന്തത്തെത്തുടര്‍ന്ന് മഠത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിരുന്നു. സൗജന്യ ഭക്ഷണം, സൗജന്യ മരുന്നുകള്‍ അങ്ങനെ പല സഹായങ്ങളും ക്യാമ്പിലൂടെ ആശ്രമം നൽകിയിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !