അമൃത സര്‍വകലാശാലയ്ക്ക് സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നാംസ്ഥാനം ( എൻ.ഐ.ആര്‍.എഫ്. റാങ്കിങ്ങില്‍ )

കരുനാഗപ്പള്ളി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്.) റാങ്കിങ്ങില്‍ അമൃത സര്‍വകലാശാലയ്ക്ക് സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നാംസ്ഥാനം.
രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ ഒമ്പതാംസ്ഥാനവും അമൃതയ്ക്ക് ലഭിച്ചു.

കേന്ദ്ര മാനവശേഷിവികസന മന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ വര്‍ഷത്തെ റാങ്കിങ് പട്ടിക പുറത്തിറക്കിയത്. ഒരുവര്‍ഷത്തിനിടയില്‍ സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നാമതെത്തിയതും മികച്ച സര്‍വകലാശാലകളില്‍ ഒമ്പതാംസ്ഥാനം ലഭിച്ചതും അഭിമാനാര്‍ഹമാണെന്ന് അമൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.വെങ്കട് രംഗന്‍ പറഞ്ഞു.

2003ലാണ് അമൃത സര്‍വകലാശാല സ്ഥാപിതമായത്. അന്നുമുതല്‍ അമൃത സര്‍വകലാശാല കാത്തുസൂക്ഷിക്കുന്ന അക്കാദമിക മികവും മികച്ച ഫാക്കല്‍റ്റി സേവനവുമാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 1:10 എന്ന മികച്ച സ്റ്റാഫ്, അധ്യാപക അനുപാതം കാത്തുസൂക്ഷിക്കുന്ന അപൂര്‍വം സര്‍വകലാശാലകളില്‍ ഒന്നാണ് അമൃത.

ഇന്ത്യന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ബെംഗളൂരു, ജെ.എന്‍.യു., ബനാറസ് ഹിന്ദു സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്, ജാദവ്പൂര്‍ സര്‍വകലാശാല, അണ്ണാ സര്‍വകലാശാല, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, ദില്ലി സര്‍വകലാശാല എന്നിവയോടൊപ്പമാണ് അമൃതയും ഇടംപിടിച്ചത്.

എന്.ഐ.ആര്‍.എഫ്. 2017 പട്ടികയില്‍ രാജ്യത്തെ ആദ്യ പത്ത് സര്‍വകലാശാലകളില്‍ മറ്റൊരു സ്വകാര്യ സര്‍വകലാശാലയും ഇടം നേടിയിട്ടില്ലെന്നും സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഐവി ലീഗ് സര്‍വകലാശാല ഉള്‍പ്പെടെയുള്ള മികച്ച യു.എസ്. സ്ഥാപനങ്ങളുമായും യൂറോപ്യന്‍ സര്‍വകലാശാലകളുമായും അമൃത സഹകരിക്കുന്നുണ്ട്.

മാതാ അമൃതാനന്ദമയിമഠമാണ് അമൃത സര്‍വകലാശാല നിയന്ത്രിക്കുന്നത്. മാതാ അമൃതാനന്ദമയി ആണ് അമൃത സര്‍വകലാശാലയുടെ സ്ഥാപകയും ചാന്‍സലറും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !