കരുനാഗപ്പള്ളി അമൃതപുരി കാമ്പസില്‍ കശ്മീരി കലാനൃത്തങ്ങള്‍

കരുനാഗപ്പള്ളി: അമൃതപുരി കാമ്പസില്‍ കശ്മീരി കലാനൃത്തങ്ങള്‍ അരങ്ങേറി. കശ്മീര്‍, ജമ്മു, ലഡാക്ക് എന്നീ പ്രവിശ്യകളില്‍നിന്നുള്ള ഇരുനൂറില്‍പ്പരം കലാകാരന്മാര്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു.

അമൃത സര്‍വകലാശാലയുടെ അമൃതപുരി കാമ്പസില്‍ മൂന്നുദിവസം നീണ്ടുനിന്ന ‘ജാഷിന്‍ ഇ കശ്മീര്‍’ എന്ന സാംസ്‌കാരിക കലാപരിപാടിയാണ് നടന്നത്. അമൃതയിലെ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള തഞ്ചാവൂരിലെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

വ്യത്യസ്തവും പുതുമയുള്ളതുമായ നൃത്തരൂപങ്ങളാണ് ‘ജാഷിന്‍ ഇ കശ്മീരി’ല്‍ ഉണ്ടായിരുന്നത്. വ്യത്യസ്ത നൃത്തരൂപങ്ങളായ ദംബാലി, ജഗര്‍ണ, ബന്ത് പാദ്ഹര്‍, ലഡാക്കി ജബ്രോ, ഗോജ്രി, ഗുസാനി പീതര്‍, അംഗ്രീസ് പീതര്‍, ബച് നാഗ്മ, കശ്മീരി റൂഫ് തുടങ്ങിയവ അവയില്‍ ചിലതുമാത്രം.

സംസ്ഥാനങ്ങൾ തമ്മിലുള്ള ഐക്യവും അഖണ്ഡതയും സംരക്ഷിക്കുക, ഭാരതത്തിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും ജീവിതരീതികളും അടുത്തറിയുക എന്നീ ലക്ഷ്യത്തോടെയാണ് ‘ജാഷിന്‍ ഇ കശ്മീര്‍’ എന്ന സാംസ്‌കാരിക നൃത്തപരിപാടി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്നത്. ജമ്മു കശ്മീര്‍ കള്‍ച്ചറല്‍ സെക്രട്ടറി കമ്മിഷണര്‍ ദില്‍ഷാദ് ഖാന്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !