കരുനാഗപ്പളളി: ശ്രീ മാതാ അമൃതാനന്ദമയിയുടെ 64-മത് പിറന്നാള്‍ ഒക്ടോബര്‍ 9 ന് നടക്കാനിരിക്കെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പിറന്നാൾ ദിനത്തിലെത്തിച്ചേരുന്ന ജനലക്ഷങ്ങള്‍ക്ക് വന്നുപോകുവാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളുടെ തിരക്കിലാണ് എല്ലാവരും. വിവിധ സ്ഥലങ്ങളില്‍ നിന്നും നൂറുകണക്കിന് അമ്മയുടെ ഭക്തര്‍ ആശ്രമത്തിലെത്തി ചേര്‍ന്നു.
പിറന്നാളിനോടനുബന്ധിച്ച് എത്തിച്ചേരുന്നവര്‍ക്കിരിക്കാനായി അമൃത യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍വേദിയുടെ അവസാനമിനുക്കുപണികളാണ് നടന്നുവരുന്നത്.
അമൃതവര്‍ഷത്തോടനുബന്ധിച്ച് എത്തിച്ചേരുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സംവിധാനങ്ങളും പ്രാഥമിക ആവശ്യങ്ങള്‍ക്കു വേണ്ടുന്ന സൗകര്യങ്ങളും വാഹന പാര്‍ക്കിങ്ങിനുള്ള കുറ്റമറ്റ വ്യവസ്ഥയുമാാണ് തയ്യാറാക്കി വരുന്നത്. അമൃതപുരിയും പരിസരപ്രദേശങ്ങളും ശുചീകരിച്ചു കഴിഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനത്തിനു കൂടി വേദിയാകുകയാണ് അമൃതപുരി. പ്രഥമപൗരനെ വരവേല്‍ക്കാനു ളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി വരുന്നു.രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും ഞായറാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. അവിടെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് അദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം കായംകുളം എന്‍.ടി.പി.സി. ഗ്രൗണ്ടില്‍ ഇറങ്ങും. കായംകുളത്തുനിന്ന് ദേശീയപാതയിലൂടെ അമൃതപുരിയില്‍ എത്തുമെന്നാണ് വിവരം.
പതിനൊന്നുമണിക്ക് അമൃതാനന്ദമയി മഠത്തിലെ ദര്‍ശനഹാളിലാണ് രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ്. ജില്ലയില്‍നിന്നും സമീപ ജില്ലകളില്‍നിന്നുമായി അഞ്ഞൂറോളം പോലീസുകാരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ദേശീയപാതയിലെ പ്രധാനസ്ഥലങ്ങളില്‍ സുരക്ഷയുടെ ഭാഗമായി ബാരിക്കേഡുകളും നിര്‍മിച്ചിട്ടുണ്ട്. കായംകുളം എന്‍.ടി.പി.സി. ഗ്രൗണ്ടില്‍നിന്ന് രാഷ്ട്രപതി പുറപ്പെടുന്ന സമയം മുതല്‍ ദേശീയപാതയിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിക്കും. രാഷ്ട്രപതി കടന്നുപോയശേഷമേ വാഹനങ്ങള്‍ കടത്തിവിടൂ. ഇടറോഡുകളില്‍നിന്നു ദേശീയപാതയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതും തടയും. റോഡുകളിലെ കുഴികള്‍ നികത്തി ടാര്‍ ചെയ്യുന്ന ജോലികളും പുരോഗമിക്കുന്നു.
എസ്.പി.ജി.യുടെ നിര്‍ദേശപ്രകാരമാണ് അമൃതപുരിയിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പരിപാടി നടക്കുന്ന ദര്‍ശനഹാളിന് ചുറ്റും ഇരുമ്പ് ഗ്രില്ലുകള്‍ കൊണ്ട് കവചം തീര്‍ത്തു. ഹാളിന് പുറത്തും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അമൃതപുരിയിലെ ചടങ്ങുകള്‍ക്കുശേഷം രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തി അവിടെനിന്നു ഡല്‍ഹിയിലേക്കുപോകും.