കരുനാഗപ്പള്ളി: തങ്ങൾക്കും മറ്റുള്ളവരെപ്പോലെ പാടാനും ആടാനും പ്രസംഗിക്കാനുെമെല്ലാം കഴിയുമെന്നും ഓട്ടിസം ഒരു രോഗമല്ലെന്നും ഒരവസ്ഥയാണെന്നും വിളിച്ചറിയിച്ച് കുരുന്നുകൾ വേദി കീഴടക്കിയപ്പോൾ കൈയ്യടിച്ചും പ്രോത്സാഹിപ്പിച്ചും കാണികളും ഒപ്പം കൂടി.ബി.ആർ.സി.യുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ തുടങ്ങിയ ഓട്ടിസം സെന്റർ ഉദ്ഘാടന വേദിയാണ് വേറിട്ട കാഴ്ചകൾ സമ്മാനിച്ചത്.
സംഗീതാദ്ധ്യാപിക കെ.എസ്. പ്രിയയും കുട്ടികളും ചേർന്നവതരിപ്പിച്ച സംഗീത, നൃത്ത പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
കരുനാഗപ്പള്ളി നഗരസഭയിലെയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെയും വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടികളുടെ മാനസിക-ശരീരിക-പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കരുനാഗപ്പള്ളി ഗവ. മുസ്ലിം എൽ പി സ്‌കൂളിലാണ് ഓട്ടിസം സെന്റർ പ്രവർത്തനം ആരംഭിച്ചത്. സെന്ററിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും നഗരസഭയും വിവിധ ഗ്രാമപഞ്ചായത്തുകളുടെ സഹകരണവും ഉണ്ട്.
ഓട്ടിസം സെന്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ കരുനാഗപ്പള്ളി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വ്യത്യസ്ത പ്രായക്കാരായ ഓട്ടിസം ബാധിച്ച കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും ആവശ്യമായ മാർഗനിർദേശം നൽകുന്നതിനും വിവിധ തെറാപ്പികളിലൂടെ ഇവരുടെ സ്വഭാവ വ്യതിയാനങ്ങൾ പരിഹരിക്കുന്നതിനും മാനസികശേഷി ഉയർത്തുന്നതിനും സാധിക്കും.
ആർ രാമചന്ദ്രൻ എം.എൽ.എ. സെന്ററിന്റെ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ എം ശോഭന അധ്യക്ഷയായി. ബിപിഒ സി മധു സ്വാഗതം പറഞ്ഞു. എസ് എസ് കെ ജില്ലാ പ്രൊജക്ട് ഓഫീസർ എച് ആർ അനിത പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കടവിക്കാട്ട് മോഹനൻ, പി സെലീന, എസ് ശ്രീലത, ആർ രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ് കല്ലേലിഭാഗം, നഗരസഭാ കൗൺസിലർമാരായ എൻ സി ശ്രീകുമാർ, എം ഷംസുദീൻ കുഞ്ഞ്, സി വിജയൻപിള്ള, മെഹർഹമീദ്, ജില്ലാ പ്രോഗ്രാം ഓഫീസർ എം സി മിനികുമാരി, കെ നിസാം, എം ഷൈമ, ഹെഡ്മിസ്ട്രസ് പി ആർ സൗദാ ബീഗം എന്നിവർ സംസാരിച്ചു.