കരുനാഗപ്പള്ളി : ശുചിത്വ പൂർണ്ണമായ നാട് എന്ന സന്ദേശവുമായി എൻ.സി.സി. സംഘടിപ്പിച്ച സൈക്കിൾ റാലിക്ക് കരുനാഗപ്പള്ളിയിൽ ആവേശകരമായ സ്വീകരണം നൽകി. സ്വച്ചതാ പദ് വാഡാ എന്ന പേരിൽ കഴിഞ്ഞ 17 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന ശുചിത്വ ബോധവൽക്കരണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.
എൻ.സി.സി. 7 കേരളാ ബറ്റാലിയന്റെ നേതൃത്വത്തിൽ ഓഫീസർമാരും 12 കേഡറ്റുകളുമാണ് സൈക്കിൾ റാലിയിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച രാവിലെ എൻസിസി കൊല്ലം ഓഫീസിൽ നിന്നും തുടങ്ങിയ റാലിക്ക് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ എൻ സി സി യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിപാടിയുടെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ നഗരസഭാ അധികൃതർക്ക് കൈമാറി.
എൻ.സി.സി. കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ അജിത് റാണയുടെ നേതൃത്വത്തിലുള്ള സംഘത്തിനു് ട്രയിനിംഗ് ഓഫീസർ കേണൽ രജനീഷ് മേനോൻ, കമാൻഡിംഗ് ഓഫീസർ കേണൽ ശർമ്മ എന്നിവർ നേതൃത്വം നൽകി.സ്കൂൾ പ്രിൻസിപ്പൽ കെ ബി ഉൻമേഷ്, ഹെഡ്മിസ്ട്രസ് മേരി ടി അലക്സ്, എൻ സി സി ഓഫീസർമാരായ സതീഷ്, ബോണി, അംബിക, സിതാര ,സിന്ധു എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, ഗേൾസ് ഹൈസ്കൂൾ, ഗവ.ഹയർ സെക്കന്ററി സ്കൂൾ, വിദ്യാധിരാജ കോളേജ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ജാഥാ സ്വീകരണം സംഘടിപ്പിച്ചത്.എൻസിസി കേഡറ്റുകൾക്ക് ശുചിത്വ ബോധവൽക്കരണം നൽകി കടന്നു പോകുന്ന റാലി ആലപ്പുഴ, കൊട്ടാരക്കര വഴി ഒക്ടോ 2 ഗാന്ധിജയന്തി ദിനത്തിൽ കൊല്ലം ബീച്ചിൽ സമാപിക്കും.