കരുനാഗപ്പള്ളി സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥന് അവാർഡിന്റെ തിളക്കം….

കരുനാഗപ്പള്ളി : സ്കൂളുകൾ, കോളേജുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലായി രണ്ടായിരത്തിലധികം വേദികളിൽ ലഹരിക്കെതിരെയുള്ള പ്രഭാഷണങ്ങളും വൈവിധ്യങ്ങളായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയ വിജിലാൽ എന്ന ഉദ്യോഗസ്ഥന് അവാർഡിന്റെ തിളക്കവും. സംസ്ഥാന മദ്യവർജ്ജന സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ എം.പി. മന്മഥൻ പുരസ്കാരമാണ് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാലിന് ലഭിച്ചിരിക്കുന്നത്.

കരുനാഗപ്പള്ളി, പടയനായർകുളങ്ങര വടക്ക്, മാധവത്തിൽ താമസിക്കുന്ന വിജിലാൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.

ഡിസംബർ 29 ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് പുരസ്കാരം സമ്മാനിക്കും. ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് നടത്തിയ വിശ്രമരഹിതമായ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം നൽകിയിരിക്കുന്നത്.

എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നും നിരവധി ഗുഡ്സർവ്വീസ് എൻട്രികൾ സർവ്വീസ് കാലയളവിൽ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2017-ലെ ബെസ്റ്റ് എൻഫോഴ്സ്മെന്റ് ഓഫീസർ അവാർഡ്, ലക്ഷ്മി ഫൗണ്ടേഷൻ അവാർഡ്, എക്സൈസ് കലാമേളയിലെ പ്രസംഗത്തിനും ബോധവത്ക്കരണഭാഷണത്തിനും ലഭിച്ച പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികളായ ഒപ്പ് മരം, ലഹരിവണ്ടി, ലഹരിവിരുദ്ധ മനുഷ്യചങ്ങല, ലഹരി വിരുദ്ധ കവി സംഗമവും ചിത്രരചനയും തുടങ്ങിയവ ഇദ്ദേഹത്തിന്റെ വേറിട്ട പ്രവർത്തനങ്ങളായിരുന്നു.

2019 ജൂൺ മാസത്തിൽ നടന്ന മൺസൂൺ മാരത്തോൺ എന്ന പരിപാടിയിലെ സംഘാടക മികവ് പരിഗണിച്ച് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ അഭിനന്ദന പത്രവും വിജിലാലിനു് ലഭിച്ചിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനെതിരേ ജീവിതമാണ് ലഹരി എന്ന ആശയം ഉൾക്കൊണ്ട് ഇദ്ദേഹം എഴുതിയ -വിഷ ദ്രാവകം തുറക്കുന്ന നരകവാതിലുകൾ- എന്ന പുസ്തകം രണ്ട് പതിപ്പുകൾ പിന്നിട്ട് കഴിഞ്ഞു. മൂന്നാം പതിപ്പ് ചിന്ത പബ്ളിക്കേഷൻസ് ഉടൻ പ്രസിദ്ധീകരിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !