അമൃതപുരി കാമ്പസില്‍ ‘അയുദ്ധ്’ നേതൃത്വപരിശീലന ക്യാമ്പ് തുടങ്ങി

മാതാ അമൃതാനന്ദമയിമഠത്തിന്റെ അന്താരാഷ്ട്ര യുവജനവിഭാഗമായ അയുദ്ധും അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ചു നടത്തുന്ന ‘അയുദ്ധ്’ നേതൃത്വപരിശീലന നാലുദിവസത്തെ ക്യാമ്പ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ തുടങ്ങി.

മാതാ അമൃതാനന്ദമയിയുടെ പ്രഥമ സന്ന്യാസിശിഷ്യനും മഠം ട്രസ്റ്റ് വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ അറുനൂറോളം പ്രതിനിധികള്‍ ഭദ്രദീപം പകര്‍ന്നു.

അയുദ്ധിനുവേണ്ടി പ്രതിപാദ്യഗാനം ചിട്ടപ്പെടുത്തിയ മ്യൂസിക് കമ്പോസര്‍ രാഹുല്‍ രാജിനെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ദേശീയോദ്ഗ്രഥനഗാനം ക്യാമ്പ് അംഗങ്ങള്‍ സംഘംചേര്‍ന്ന് ആലപിച്ചു.

യഥാര്‍ഥ ജീവിതവിജയത്തിന് സത്യസന്ധതയും നല്ല മനസ്സും പരന്ന വായനയും അത്യന്താപേഷിതമാണെന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. മനസ്സംഘര്‍ഷങ്ങള്‍ ലഘൂകരിച്ച് പരാജയഭീതിയില്ലാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയാല്‍ ജീവിതവിജയം സുനിശ്ചിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദ്ഘാടന സമ്മേളനത്തിന്റെ സമാപനത്തില്‍ മാതാ അമൃതാനന്ദമയി ഹാളില്‍ എത്തി ക്യാമ്പ് അംഗങ്ങളുമായി സംസാരിച്ചു. തുടര്‍ന്ന് ലോകപ്രശസ്ത ഇന്ത്യന്‍ ജോര്‍ണലിസ്റ്റ് എസ്.ഗുരുമൂര്‍ത്തിയുടെ നേതൃത്വപരിശീലന ക്ലാസ് നടന്നു. നേതൃത്വനിരയില്‍ മികവ് തെളിയിച്ച പ്രമുഖരായ വ്യക്തികള്‍ നയിക്കുന്ന ശില്പശാലകളും വ്യത്യസ്തമായ പരിശീലന പദ്ധതികളും വിനോദവും കോര്‍ത്തിണക്കിയതാണ് ക്യാമ്പ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !