സുനാമി ദുരന്തത്തിന്റെ 13-ാം വാര്‍ഷികം ആചരിച്ചു

ആലപ്പാട് :  സുനാമി ദുരന്തത്തിന്റെ 13-ാം വാര്‍ഷികാചരണം നടന്നു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സ്മൃതിതീരത്തെത്തി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി.

വിവിധ  കരയോഗങ്ങളുടെ നേതൃത്വത്തിലും പ്രാര്‍ത്ഥനയും അനുസ്മരണ യോഗങ്ങളും നടന്നു. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. ആലപ്പാട് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്മൃതിമണ്ഡപത്തിനു മുന്നില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുലിമുട്ടിട്ട് തീരം സംരക്ഷിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന്  എം.എല്‍.എ. രാമചന്ദ്രന്‍ പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ടുള്ള അവേശഷിക്കുന്ന പ്രശ്‌നങ്ങള്‍ക്കായി പ്രത്യേക പാക്കേജിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും എം.എല്‍.എ. പറഞ്ഞു.

കളക്ടര്‍ ഡോ. എസ്.കാര്‍ത്തികേയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാര്‍, തഹസില്‍ദാര്‍ എന്‍.സാജിതാബീഗം, ജില്ലാ പഞ്ചായത്ത് അംഗം സി.രാധാമണി, എം.ബി.സഞ്ജീവ്, എന്‍.ബിനുമോന്‍, സുഹാസിനി, ടി.ദിലീപ്, റംല എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സെലിന അധ്യക്ഷത വഹിച്ചു. സ്മൃതിമണ്ഡപത്തില്‍ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ., കളക്ടര്‍ ഡോ. എസ്.കാര്‍ത്തികേയന്‍, ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരും പുഷ്പാര്‍ച്ചന നടത്തി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !