കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ വിപുലമായ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. പള്ളിക്കലാറിനെയും വട്ടക്കായലിനെയും ടി.എസ്.കനാലിനെയും ബന്ധിപ്പിച്ചാണ് പദ്ധതി.
മാതാ അമൃതാനന്ദമയിമഠവും ആദ്യമായി കെട്ടുവള്ളം നിര്‍മിച്ച ആലുംകടവ് ഗ്രാമവും അഴീക്കല്‍ മത്സ്യബന്ധന തുറമുഖവുമെല്ലാം ടി.എസ്.കനാലിന്റെ തീരത്താണ്. അഴീക്കല്‍ ബീച്ചും ആയിരംതെങ്ങ് കണ്ടല്‍വനവുമെല്ലാം ഈ ജലാശയത്തിന് സമീപത്താണ്. കൂടാതെ നിരവധി പ്രകൃതിരമണീയങ്ങളായ സ്ഥലങ്ങളുമുണ്ട്.
കരുനാഗപ്പള്ളി നഗരസഭയും ജില്ലാ ടൂറിസം െപ്രാമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി.) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നുവശവും ജലാശയങ്ങളാല്‍ ചുറ്റപ്പെട്ട നഗരമാണ് കരുനാഗപ്പള്ളി.
ജലാശയങ്ങളുടെ മനോഹാരിത ആസ്വദിക്കാന്‍ സാധിക്കുംവിധം വിനോദയാത്രാസൗകര്യം ഒരുക്കുകയാണ് പ്രധാനം. ഇതിനായി ഡി.ടി.പി.സി.യുടെ സഫാരി ബോട്ടും സ്പീഡ് ബോട്ടും ഹൗസ്‌ബോട്ടും സര്‍വീസ് നടത്തും. നഗരത്തിനോടുചേര്‍ന്ന് ദേശീയപാതയോരത്തുള്ള കന്നേറ്റി ജലോത്സവ പവിലിയനില്‍നിന്നാണ് സര്‍വീസുകള്‍ തുടങ്ങുക.
വട്ടക്കായല്‍വഴി അഷ്ടമുടിക്കായലിലേക്കും ടി.എസ്.കനാല്‍വഴി അഴീക്കലേക്കും ബോട്ട് സര്‍വീസുകള്‍ ഉണ്ടാകും. ഡി.ടി.പി.സി.യുടെ ആലുംകടവിലുള്ള ഇടത്താവളവും ഇതിനായി ഉപയോഗപ്പെടുത്തും. ജില്ലയിലെ പ്രധാന ജലോത്സവങ്ങളായ പ്രസിഡന്‍ഷ്യല്‍ ട്രോഫി, ശ്രീനാരായണ ട്രോഫി, കല്ലട ജലോത്സവം എന്നിവ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയും ലക്ഷ്യമിടുന്നു.
11-ന് നടക്കുന്ന ചടങ്ങില്‍ ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പിന്റെ സഹായത്തോടെ നിര്‍മിച്ച കന്നേറ്റി ശ്രീനാരായണഗുരു ജലോത്സവ പവിലിയന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
ഏറെ വിനോദസഞ്ചാരസാധ്യതകളുള്ള കരുനാഗപ്പള്ളിക്ക് പദ്ധതി ഏറെ പ്രയോജനം ചെയ്യും. കരുനാഗപ്പള്ളിയുടെ വികസനത്തിനും പദ്ധതി സഹായകമാകും-എം.ശോഭന, നഗരസഭാ ചെയര്‍പേഴ്‌സണ്‍