അഴീക്കൽ ബീച്ചിന്റെ വികസനത്തിനായി…. ടൂറിസം വികസന പദ്ധതി…..

കരുനാഗപ്പള്ളി : അഴീക്കൽ ബീച്ചിന്റെ വികസനത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ടൂറിസം വികസന പദ്ധതി – തണ്ണീർ പന്തൽ – നാടിന് സമർപ്പിച്ചു.

അഡ്വ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. ആർ രാമചന്ദ്രൻ എം എൽ എ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി സ്വാഗതം പറഞ്ഞു.

തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിൽ നിന്നും വിട്ടുകിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് ടേക് എ ബ്രേക്ക് മാതൃകയിൽ പദ്ധതി യാഥാർത്ഥ്യമായത്. അഴീക്കൽ ബീച്ചിലേക്കെത്തുന്ന സന്ദർശകർക്ക് സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോഫി സ്റ്റാൾ, എ ടി എം കൗണ്ടർ, ടോയ്ലറ്റ്, മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിംഗ് സെന്റർ തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റി വച്ചത്. ഹൗസിംഗ് ബോർഡിനായിരുന്നു നിർമ്മാണ ചുമതല.
ജില്ലയിലെ നാല് ടൂറിസം മേഖലകളിൽ കൂടി ടേക് എ ബ്രേക്ക് – മാതൃകയിൽ പദ്ധതി നടപ്പാക്കുന്നതിനായി ഒരു കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകകൊള്ളിച്ചിരിക്കുന്നത്. കൊല്ലം ആലപ്പുഴ ജില്ലകളുടെ അതിർത്തി പങ്കിടുന്ന അഴീക്കൽ ബീച്ചിലേക്ക് നൂറുകണക്കിന് പേരാണ് സന്ദർശകരായി എത്തിച്ചേരുന്നത്. എന്നാൽ ഇവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പ്രധാന പ്രതിബന്ധമായിരുന്നു. ഇതു കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് ടൂറിസം വികസന പദ്ധതി ജില്ലാ പഞ്ചായത്ത് യാഥാർത്ഥ്യമാക്കുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എസ് വേണുഗോപാൽ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ വേണുഗോപാൽ, അനിൽ എസ് കല്ലേലിഭാഗം, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി സെലീന, വൈസ് പ്രസിഡന്റ് എം ബി സഞ്ജീവ്, പഞ്ചായത്ത് അംഗങ്ങളായ എൻ ബിനുമോൻ, സലിന, കരയോഗം പ്രസിഡന്റ് സുഭഗൻ, ജില്ലാ പഞ്ചായത്ത് സൂപ്രണ്ട് ബിനു എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !