കറ്റ കൊയ്തെടുത്തും ഞാറുനട്ടും കരുനാഗപ്പള്ളിയിലെ വിദ്യാർത്ഥികൾ….

കരുനാഗപ്പള്ളി : സംസ്ഥാന സർക്കാരും കർഷക ക്ഷേമ വകുപ്പും ചേർന്ന് കാർഷിക സമൃദ്ധിയുടെ തുടക്കം കുറിക്കലാക്കി മാറ്റി. നഷ്ടമായ കാർഷിക നൻമകളെ വീണ്ടെടുക്കാനും പുതുതലമുറയിൽ കാർഷിക ആഭിമുഖ്യം വർദ്ധിപ്പിക്കാനും പാഠം ഒന്ന് പാടത്തേക്ക് പദ്ധതി പ്രകാരം നടന്ന പരിപാടികൾ ശ്രദ്ധേയമായി. വിദ്യാർത്ഥികളും ജനപ്രതിനിധികളും കർഷകരും ചേർന്ന് കറ്റകൾ കൊയ്തും ഞാറുനട്ടും പരിപാടി ആഘോഷമാക്കി.


കരുനാഗപ്പള്ളി നഗരസഭയിൽ ആറാം ഡിവിഷനിൽ ലതികാ സച്ചിതാന്ദന്റ ഉടമസ്ഥതയിലുള്ള ഒന്നരയേക്കർ സ്ഥലത്ത് വിളഞ്ഞ കരനെൽ കൃഷിയിലെ നെല്ല് കൊയ്തെടുത്തായിരുന്നു ആഘോഷം. ആർ രാമചന്ദ്രൻ എം എൽ എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.നഗരസഭ അധ്യക്ഷ എം ശോഭന, സ്ഥിരം സമിതി അധ്യക്ഷരായ പി ശിവരാജൻ, വസുമതി, നഗരസഭ കൗൺസിലർ ബി രമണിയമ്മ, കൃഷി ഓഫീസർ വീണാ വിജയൻ, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.കരുനാഗപ്പള്ളി ഗവ. ഹയർ സെക്കന്ററി സ്‌കൂളിലേയും മുഴങ്ങോട്ടു വിള എസ് കെ വി യുപിഎസിലെയും കുട്ടികളും അദ്ധ്യാപകരും പങ്കാളികളായി.
കുലശേഖരപുരം പഞ്ചായത്തിലെ ആറാം വാർഡിലെ ചരൂർപാടത്താണ് ഞാറുനടൽ ആവേശകരമായത്. പരമ്പരാഗത കർഷകവേഷമണിഞ്ഞ് ചെളി നിറഞ്ഞ പാടത്ത് ആർ രാമചന്ദ്രൻ എം എൽ എ കുട്ടികൾക്കൊപ്പം ഞാറുനടാനിറങ്ങി. ഞാറ്റു പാട്ടുമായി കർഷകരും ഒപ്പം കൂടി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ഡി രാജൻ പഞ്ചായത്ത് അംഗങ്ങളായ കമർബാൻ, സുദർശനൻ, ശിവാനന്ദൻ, സീമചന്ദ്രൻ ,കൃഷി ഓഫീസർ വി ആർ ബിനീഷ്, കുലശേഖരപുരം ഗവ.ഹൈസ്കൂളിലെയും ആദിനാട് ഗവ. യു പി എ സി ലെയും കുട്ടികളും ചടങ്ങിൽ പങ്കാളികളായി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !